തൃശ്ശൂർ: തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി മുൻ എംഎൽഎ എം പി വിൻസെന്റ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ഡിസിസി ഓഫീസിലെത്തി അദ്ദേഹം സ്ഥാനമേറ്റത്. സ്ഥാനാരോഹണ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തിയതോടെ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടുകയും ചെയ്തു. ഇതോടെ ആളുകൂടിയതിന് പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ദ്വീർഘകാലത്തിന് ശേഷമാണ് ഡിസിസിക്ക് പുതിയ അമരക്കാരൻ വരുന്നത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഉറ്റ അനുയായി കൂടിയാണ് എംപി.വിൻസെന്റ്. ടി.എൻ. പ്രതാപൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡി.സി.സിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റുമാരായ ഒ.അബ്ദുറഹ്മാൻകുട്ടിക്കും പത്മജ വേണുഗോപാലിനും ഡി.സി.സിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. ഐ ഗ്രൂപ്പിലെ തർക്കങ്ങളായിരുന്നു വിൻ അധ്യക്ഷ സ്ഥാനത്തേക്ക് വിൻസെന്റിന്റെ വരവ് നീട്ടിയത്.

ഐ ഗ്രൂപ്പിലെ തന്നെ ജോസ് വള്ളൂർ വിഭാഗമാണ് വിൻസെന്റിന് എതിരായി നിലകൊണ്ടത്. ഇതിനിടെ, എ ഗ്രൂപ്പും ഡി.സി.സി. പ്രസിഡന്റിന്റെ കസേരയ്ക്കായി അവകാശവാദം ഉയർത്തി. ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെ ഡി.സി.സി. പ്രസിഡന്റ് പ്രഖ്യാപനം അനന്തമായി നീണ്ടു. മുൻ കെപിസിസി. പ്രസിഡന്റ് വി എം.സുധീരനും കോൺഗ്രസ് നേതൃത്വത്തെ എതിർപ്പ് അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി. പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

ഐ ഗ്രൂപ്പിൽ തന്നെയുള്ള തർക്കങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപ്പെട്ട് പരിഹരിച്ചതോടെയാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. കോൺഗ്രസ് അനുനായികളും നേതാക്കളും സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ഇരച്ചെത്തിയതോടെ ലംഘിക്കപ്പെട്ടത് കോവിഡ് മാർഗനിർദ്ദേശങ്ങളാണ്.