കണ്ണൂർ: കോവിഡ് രക്ഷാപ്രവർത്തനങ്ങളിൽ വീഴ്‌ച്ച വരുത്തിയെന്ന് സർക്കാരിനെ കുറ്റപ്പെടുത്തിയ കെ. സുധാകരൻ എംപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് ഒരു പാഠവും കോൺഗ്രസ് പഠിച്ചില്ലെന്നതിന്റെ തെളിവാണ് ഡിവൈഎഫ്ഐക്കും, സന്നദ്ധ സംഘടനയായ ഐ.ആർ.പി.സിക്കും എതിരായ കെ.സുധാകരൻ എംപിയുടെ പഴിപറിച്ചിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മമ്പറം ദിവാകരൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരന്റെ ശ്രമം. ദിവാകരൻ ഉന്നയിച്ച കാര്യങ്ങൾക്ക് കോൺഗ്രസ് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന മറുപടി സുധാകരനിൽ നിന്നുണ്ടായിട്ടില്ല. ഡി.സി.സി ഓഫിസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്‌കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിയെന്നാണ് ദിവാകരന്റെ ചോദ്യം. ഡി.സി.സി ഓഫിസ് പണി പൂർത്തയാക്കുകയോ, സ്‌കൂൾ വാങ്ങുകയോ ചെയ്തിട്ടില്ല. ഡി.സി.സി എക്സിക്യൂട്ടീവ് അംഗമായ ഒട്ടോറിക്ഷ തൊഴിലാളി പുഷ്പരാജിന്റെ കാല് തല്ലിയൊടിക്കാനും ഒട്ടോ കത്തിക്കാനും നേതൃത്വം നൽകിയത് സുധാകരനാണെന്നും ദിവാകരൻ പറഞ്ഞിട്ടുണ്ട്.

ഇതിനൊന്നും മറുപടി നൽകാൻ സുധാകരന് കഴിഞ്ഞിട്ടില്ല. സ്വന്തം കാലിലെ മന്ത് മറച്ചുപിടിക്കാൻ മന്തില്ലാവരെ കുറ്റപ്പെടുത്തുന്ന സുധാകരന്റെ നിലപാട് പരിഹാസ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ രക്ഷകരായതുപോലെ പാർട്ടിയും ജനങ്ങൾക്കൊപ്പമാണ്. എന്നാൽ ജനങ്ങളുടെ രക്ഷകരായ സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന യുവജന സംഘടനയാണ് ഡിവൈഎഫ്ഐ. പ്രളയകാലത്തും കോവിഡിലും ഡിവൈഎഫ്ഐയുടെ പ്രവർത്തനം നാട് അംഗീകരിച്ചതാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്യുന്നതിനുള്ള അവാർഡ് തുടർച്ചയായി ലഭിച്ച സംഘടനയാണ് ഡിവൈഎഫ്ഐ. കോവിഡ് കാലത്ത് രക്തം ദാനം ചെയ്യാനായി ഡിവൈഎഫ്ഐ രക്തദാന സേനാംഗംങ്ങൾ ബസുകൾ പ്രത്യേകം വാടകയ്ക്കെടുത്താണ് ആശുപത്രികളിൽ പോയത്.

ജില്ലയിൽ നിന്നും ഡിവൈഎഫ്ഐ പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി സമാഹരിച്ച 1.65 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത് ശ്രദ്ധേയമായ നടപടിയായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കോവിഡ് രോഗിയെ രക്ഷപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരായ അശ്വിനും രേഖയും മലയാളികൾക്ക് ആവേശമാണ്. ഇതൊന്നും യൂത്ത് കോൺഗ്രസിന് സ്വപ്നം കാണാൻ കഴിയുന്നതല്ല. ജില്ലയിലെ ഏറ്റവും വലിയ സന്നദ്ധ സേനയാണ് ഐ.ആർ.പി.സി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള അംഗീകൃത റീലിഫ് ഏജൻസിയായി പ്രഖ്യാപിച്ചത് ഐ.ആർ.പി.സിയുടെ മികവിനുള്ള അംഗീകാരമാണ്.

കിടപ്പുരോഗികൾക്കും ആരോരുമില്ലാത്തവർക്കും ഡിവൈഎഫ്ഐ-ഐ.ആർ.പി.സി വളണ്ടിയർമാർ സൗജന്യമായാണ് ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്തും ഭക്ഷണം നൽകിയിരുന്നു. അലഞ്ഞു തിരിയുന്നവരിൽ പലരെയും അന്ന് അവരുടെ നാട്ടിലെത്തിച്ചത് ഈ രണ്ട് സംഘടനകളും നടത്തിയ സന്നദ്ധ പ്രവർത്തനത്തിലൂടെയായിരുന്നു. സർക്കാരിന്റെ എന്തെങ്കിലും ആനുകൂല്യങ്ങൾ തട്ടിപ്പറിച്ചല്ല ഈ സംഘടനകളുടെ പ്രവർത്തനം.

പ്രളയകാലത്ത് ജനങ്ങളെ സഹായിക്കാനെത്തിയ ഓമനക്കുട്ടനെ പോലും പരിഹസിച്ചരാണ് കോൺഗ്രസുകാർ. ഇരിക്കൂറിൽ കോൺഗ്രസുകാർ തമ്മിലടിച്ച സമയത്ത് ഡിവൈഎഫ്ഐയുടെ സന്നദ്ധ പ്രവർത്തനം നോക്കി പഠിക്കാൻ പറഞ്ഞ സുധാകരൻ ഇപ്പോഴെന്ത് പറ്റിയെന്നറിയില്ല. സാമൂഹ്യ പ്രവർത്തനം നടത്തുന്നവരുടെ ആത്മവീര്യം തകർക്കാനുള്ള സുധാകരന്റെ ശ്രമം വിലപ്പോവില്ല. ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും ജയരാജൻ വ്യക്തമാക്കി.