ഭോപാൽ: തെരുവിൽ തണുത്ത് വിറച്ച് ഒരു നേരത്തെ ആഹാരത്തിനായി യാചിക്കുന്ന മനുഷ്യൻ. ദുരിതപൂർവമായ കാഴ്‌ച്ച കണ്ട് അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത് അയാൾ ആരാണെന്ന് തിരിച്ചറിഞ്ഞ നിമിഷവും. മധ്യപ്രദേശിലാണ് അത്യപൂർവവും നാടകീയവുമായ രംഗങ്ങൾ അരങ്ങേറിയത്. 

ഒരുനേരത്തെ ഭക്ഷണത്തിനായി വഴിയിലുപേക്ഷിച്ച എച്ചിയിൽ തിരയുന്ന അയാൾ സ്വന്തം സഹപ്രവർത്തകനായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടി. 15 വർഷം മുൻപു കാണാതായ പൊലീസ് ഓഫിസറെയാണ് അവിചാരിതമായി സഹപ്രവർത്തകർ യാചകന്റെ രൂപത്തിൽ വഴിയിൽ കണ്ടത്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം അരങ്ങേറിയത്.

ഡിഎസ്‌പിമാരായ രത്‌നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നഗരത്തിലൂടെ കാറിൽ വരികയായിരുന്നു. അപ്പോഴാണ് യാചകനെ പോലെ ഒരാളെ കണ്ടത്. നന്നായി തണുത്ത് വിറയ്ക്കുന്ന അയാൾ വിശപ്പടയ്ക്കാൻ വഴിയിലുപേക്ഷിച്ച ഭക്ഷണത്തിന്റെ എച്ചിലിനായി തിരയുകയായിരുന്നു. മാനസികമായ പ്രശ്‌നങ്ങളും പ്രകടിപ്പിച്ചു. ആ കാഴ്ച കണ്ട് അലിവ് തോന്നിയ പൊലീസുകാർ അയാളുടെ അടുത്തെത്തി ജാക്കറ്റ് വേണോ എന്നു ചോദിച്ചു.

എന്നാൽ അയാൾ ഇരുവരുടെയും പേരുകൾ വിളിച്ചു സംസാരിക്കുകയായിരുന്നു. ആ നിമിഷമാണ് 15 വർഷം മുൻപു കാണാതായ സ്വന്തം സഹപ്രവർത്തകൻ, മനീഷ് മിശ്രയാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്നതെന്ന് രത്‌നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും തിരിച്ചറിഞ്ഞത്. 2005ൽ ഇൻസ്‌പെക്ടറായി ജോലി ചെയ്യവെയാണ് മനീഷിനെ കാണാതാകുന്നത്. ഇത്രയും കാലമായിട്ടും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മനീഷിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഗ്വാളിയാർ ക്രൈംബ്രാഞ്ച് ഡിഎസ്‌പിയായ രത്‌നേഷ് സിങ് തോമർ മാധ്യമങ്ങളോട് പറഞ്ഞു. 'പൊലീസിൽ ചേരുന്ന കാലത്ത് അദ്ദേഹം വളരെ നല്ല അത്‌ലറ്റും ഷൂട്ടറുമായിരുന്നു. അതിനു ശേഷം അദ്ദേഹം മാനസികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കുടുംബം നല്ല രീതിയിൽ തന്നെയാണ് അദ്ദേഹത്തെ പരിചരിച്ചത്. എന്നാൽ ഒരു ദിനം കാണാതാകുകയായിരുന്നു. അദ്ദേഹം പൂർണ ആരോഗ്യവാനായി തിരികെ വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും.' തോമർ പറഞ്ഞു.