ഭോപാൽ: മധ്യപ്രദേശിൽ കഞ്ചാവ് വിൽപ്പനയ്ക്ക് ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോൺ ഉപയോഗിച്ചെന്ന പ്രതികളുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. 20 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയ കേസിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഉണക്കിയ തുളസിയിലയെന്ന പേരിൽ ഏകദേശം 1000 കിലോഗ്രാം കഞ്ചാവ് ആമസോൺ വഴി വിൽപ്പന നടത്തിയെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് ആമസോണിന്റെ ലോക്കൽ എക്സിക്യൂട്ടിവുകളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തങ്ങളുടെ വിശദീകരണം നൽകാൻ ആമസോണിന്റെ അഭിഭാഷകരും പൊലീസിനെ കാണും.

കഴിഞ്ഞദിവസമാണ് 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതോടെയാണ് ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ വഴിയാണ് കഞ്ചാവ് വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന മൊഴി ലഭിച്ചത്. ആമസോൺ ഇന്ത്യ വെബ്സൈറ്റ് വഴി അന്തർസംസ്ഥാന വിൽപന നടത്തിയെന്നാണ് പൊലീസ് ലഭിച്ച വിവരം.

148,000 ഡോളർ വില വരുന്ന കഞ്ചാവാണ് വിറ്റഴിക്കപ്പെട്ടത്. ഇതെങ്ങനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കാൻ ആമസോൺ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെബ്സൈറ്റ് വഴി ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായും ഇതിന് 148,000 ഡോളർ വില വരുമെന്നും പൊലീസ് അറിയിച്ചു.

ഇതോടെയാണ് ആമസോൺ വഴി എങ്ങനെയാണ് കഞ്ചാവ് വിൽപ്പന നടത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം വിപുലമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബിൽ പൊലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. കഞ്ചാവ് അടങ്ങിയ പാർസലുകൾ ഡെലിവറി ചെയ്തതിന്റെ വിശദാംശങ്ങൾ കണ്ടെത്താനാണ് ഇവിടെ പരിശോധന നടത്തിയത്.

'നിർമ്മിതബുദ്ധി അടക്കം ഉപയോഗിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് ആമസോൺ. അവരുടെ പ്ലാറ്റ്ഫോമിൽ ഇത്തരത്തിലുള്ള കച്ചവടം നടക്കുന്നത് വലിയ സംഭവമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മനോജ് സിങ് പറഞ്ഞു. എങ്ങനെയാണ് ഇത് സാധ്യമായതെന്ന് വിശദീകരിക്കാനാണ് ആമസോൺ എക്സിക്യൂട്ടീവുമാരെ വിളിച്ചുവരുത്തിയതെന്നും കമ്പനിയുടെ അഭിഭാഷകർ പൊലീസിനെ കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഏതെങ്കിലും വിൽപ്പനക്കാരൻ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് ആമസോൺ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ നിയമപ്രകാരം നിരോധിച്ച വസ്തുക്കളുടെ വിൽപ്പനയും ലിസ്റ്റിങ്ങും ഒരിക്കലും തങ്ങൾ അനുവദിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആമസോൺ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

ആമസോൺ വഴി കഞ്ചാവ് വിറ്റെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സംഭവത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 'കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സും(സിഎഐടി) രംഗത്തെത്തി.