ചെന്നൈ: മനുസ്മൃതി പ്രത്യേക രീതിയിൽ മാത്രം വായിക്കേണ്ട ഒരു നിയമ പുസ്തകമൊന്നുമല്ലെന്ന് മദ്രാസ് ഹൈക്കോടതി. 2,000 വർഷം പഴക്കമുള്ള പുരാതന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും അത് ഓരോരുത്തർക്കും അവരുടെ ഭാവനയ്ക്ക് വ്യാഖ്യാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മനുസ്മൃതിയെ അപമാനിച്ചുവെന്ന് കാട്ടി വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവും എംപിയുമായ തോൾ തിരുമാവളവന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളിയാണ് കോടതിയുടെ ഈ നിരീക്ഷണം നടത്തിയത്.

ജസ്റ്റിസ് എം സത്യനാരായണൻ, ജസ്റ്റിസ് ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പെരിയാറുടെ സംഭാവനകൾ സംബന്ധിച്ച് ഒരു വെബ്ബിനാറിൽ സംസാരിക്കവേയാണ് തിരുമാവളവൻ മനുസ്മൃതിയെ തള്ളിപ്പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിൽ ബിജെപി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ അംഗത്വം റദ്ദാക്കാൻ കോടതി വിസമ്മതിച്ചു. തിരുമാവളവൻ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്നും എംപിയായി അധികാരമേറ്റപ്പോൾ താൻ ചെയ്ത സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായ മനുസ്മൃതി തെറ്റായി വ്യാഖ്യാനിച്ചുവെന്നും പൊതുതാതപര്യ ഹർജിയിൽ ആരോപിച്ചു.

തിരുമാവളവൻ മനുസ്മൃതിയെ സ്വന്തം രീതിയിൽ വ്യാഖ്യാനിച്ചു. അതിനെക്കുറിച്ച് നമുക്ക് എന്തുചെയ്യാൻ കഴിയും? എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. നിയമപരമായ വ്യവസ്ഥയുടെ എന്ത് ലംഘനമാണ് ഈ വിഷയത്തിലുള്ളതെന്നും കോടതി ആരാഞ്ഞു. ധാർമ്മികത നിയമാനുസൃതമല്ല അത് അടിച്ചേൽപ്പിക്കാനും കഴിയില്ല ബെഞ്ച് നിരീക്ഷിച്ചു.

തിരുമാവളവന്റെ നിലപാട് അശാന്തി സൃഷ്ടിക്കുകയും വിവിധ വിഭാഗങ്ങളിൽ വെറുപ്പും പ്രകോപനവും സൃഷ്ടിക്കുകയും ചെയ്തു. പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചുവെന്നും ഹർജിയിൽ കുറ്റപ്പെടുത്തി.

എന്നാൽ, ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ കോടതിക്ക് എന്തുചെയ്യാൻ കഴിയും. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മാന്യതയ്ക്കും ധാർമ്മികതയ്ക്കും അതീതമാണെങ്കിൽ നടപടിയെടുക്കാൻ സംസ്ഥാനം ബാധ്യസ്ഥമാണെന്നും കോടതി വ്യക്തമാക്കി.