മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യതകൾ തള്ളി മഹാരാഷ്ട്ര ബിജെപി. അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കി. മുംബൈ, പുണെ തുടങ്ങിയ മുൻസിപ്പൽ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് 2022- ആദ്യമാണ് നടക്കാനിരിക്കുന്നത്.

'കടുവകളുമായി എല്ലായ്‌പ്പോഴും ചങ്ങാത്തത്തിലാ'ണെന്ന് കഴിഞ്ഞ ദിവസം ചന്ദ്രകാന്ത് നടത്തിയ പരാമർശം വലിയ രാഷട്രീയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. ബിജെപിയുടെ മുൻസഖ്യകക്ഷിയായിരുന്ന ശിവസേനയുടെ ചിഹ്നമാണ് കടുവ. ചന്ദ്രകാന്തിന്റെ പരാമർശത്തോടെയാണ് ശിവസേന-ബിജെപി. സഖ്യം വീണ്ടും രൂപപ്പെടുകയാണോ എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വന്യജീവി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ ഫോട്ടോ ആൽബവും കടുവയുടെ ചെറുമാതൃകയും തനിക്ക് നൽകിയിരുന്നു. അതൊരു നല്ല സമ്മാനമാണെന്നും നമ്മൾ എപ്പോഴും കടുവകളുമായി നല്ല ചങ്ങാത്തത്തിലാണെന്നും അദ്ദേഹത്തോടു പറയുകയും ചെയ്തു. എന്നാൽ കടുവ ശിവസേനയുടെ ചിഹ്നമായതിൽ മാധ്യമപ്രവർത്തകർ ആ പരാമർശം ശിവസേനയുമായി ബന്ധിപ്പിക്കുകയായിരുന്നു- ഇതാണ് കടുവയുമായുള്ള ചങ്ങാത്ത പരാമർശത്തെ കുറിച്ചുള്ള ചന്ദ്രകാന്തിന്റെ വിശദീകരണം.

പലരുമായും സഖ്യമുണ്ടാക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ടെന്നത് ശരിയാണ്. കാട്ടിൽനിന്നുള്ള കടുവയുമായി ചങ്ങാത്തത്തിൽ ഏർപ്പെടാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്, അല്ലാതെ കൂട്ടിലിട്ട കടുവയുമായല്ല- ചന്ദ്രകാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത് വന്നതും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി ശിവസേന രംഗത്തെത്തിയത്. മോദി രാജ്യത്തെയും ബിജെപിയിലെയും ഉന്നത നേതാവാണെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രശംസ. അതേസമയം മോദിയുമായി ഉദ്ധവ് താക്കറെ നടത്തിയത് രാഷ്ട്രീയമായ കൂടിക്കാഴ്ചയല്ലെന്ന് ശിവസേന മുഖപത്രം സാമ്ന എഴുതി. ആരുമായുമുള്ള ബന്ധം തകർന്നിട്ടില്ലെന്നും ഉദ്ധവ് താക്കറെയും വ്യക്തമാക്കി.

ബിജെപി-ശിവസേന സഖ്യം തകർന്നതിന് ശേഷം ബിജെപിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച നേതാവാണ് സഞ്ജയ് റാവത്ത്. മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ചയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മാധ്യമ വാർത്തകൾക്ക് പിന്നാലെ പോകുന്നില്ല. ഇതിനെക്കുറിച്ച് ഒൗ്യോഗിക പ്രസ്താവനക്കില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ബിജെപി അതിന്റെ വിജയത്തിന് നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു, ഇപ്പോൾ അദ്ദേഹം രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവാണ്- വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ, കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ എന്നിവർ പ്രധാനമന്ത്രിയെ കണ്ടത്. എന്നാൽ പ്രതിനിധി സംഘവുമായുള്ള ചർച്ചക്ക് ശേഷം ഉദ്ധവ് താക്കറെയും നരേന്ദ്ര മോദിയും പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്.