മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം പിടിവിട്ട അവസ്ഥയിൽ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 25 വയസിന് മുകളിലുള്ളവർക്ക് കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശ അവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്. കഴിഞ്ഞദിവസം അരലക്ഷത്തിലധികം രോഗികളാണ് പുതുതായി കണ്ടെത്തിയത്. മുംബൈയിൽ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഈ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ വിപുലമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. നൈറ്റ് കർഫ്യൂവും വാരാന്ത്യത്തിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. അതിനിടെയാണ് വാക്സിനേഷൻ വിപുലമാക്കണമെന്ന് ആവശ്യപ്പെട്ടത്. 45 വയസിന് മുകളിലുള്ളവർക്ക് തന്റെ ആവശ്യം പരിഗണിച്ച് വാക്സിനേഷൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു.