ലണ്ടൻ: അന്താരാഷ്ട്ര മാധ്യമങ്ങളിൽ എല്ലാം മലാല യൂസഫ് സായിയുടെ വിവാഹ വാർത്തയാണ് ആഘോഷം. മുമ്പ് തനിക്ക് വിവാഹമേ വേണ്ട എന്ന് മലാല പറഞ്ഞതൊക്കെ പലരും കുത്തിപ്പൊക്കുന്നുണ്ട്. എന്നാൽ, ആഘോഷവേളയിൽ, അതിനൊക്കെ എന്തുപ്രസക്തി? ഈ വർഷാദ്യം ബ്രിട്ടീഷ് മാധ്യമമായ 'വോഗി'ന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ ധാരണകൾ മലാല പങ്കുവച്ചത്. ' എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല, ആളുകൾ വിവാഹം കഴിക്കേണ്ടത് എന്തിനാണെന്ന്. ഒരാളെ ജീവിത പങ്കാളിയാക്കണമെങ്കിൽ, വിവാഹ കരാറിൽ ഒപ്പുവയ്‌ക്കേണ്ടത് എന്തിന്? അത് വെറും ഒരു പങ്കാളിത്തബന്ധം മാത്രമായി ഇരുന്നാൽ പോരേ', മലാല ചോദിച്ചു

എന്തായാലും അസീർ മാലിക്കുമായുള്ള ബന്ധം കാര്യങ്ങളെ മാറ്റി മറിച്ചു എന്നുവേണം കരുതാൻ. ഞാൻ കരുതി ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്, കുട്ടികൾ ഉണ്ടാവില്ലെന്ന്, എന്റെ ജോലി മാത്രം ചെയ്ത്, സന്തോഷത്തോടെ എന്റെ കുടുംബത്തോടൊപ്പം എല്ലാകാലത്തും കഴിയുമെന്നാണ് കരുതിയിരുന്നത്. എല്ലായ്‌പ്പോഴും നമ്മൾ ഒരേ ആൾ ആയിരിക്കില്ല എന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞില്ല, നിങ്ങൾ മാറുന്നു...വളരുന്നു.

ജീവിതത്തിലെ വിലപ്പെട്ട ദിവസം

ചൊവ്വാഴ്ച മലാല തന്റെ വിവാഹ വിശേഷം ഇതാദ്യമായി ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചു. തന്റെയും. ഭർത്താവ് അസീർ മാലിക്കിന്റെയും ചിത്രങ്ങൾ.' ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട നാളാണ്....24 കാരി അടിക്കുറിപ്പ് എഴുതിയത് ഇങ്ങനെ:' അസീറും ഞാനും ഇന്ന് ജീവിത പങ്കാളികളായി. ബിർമിങ്ഹാമിലെ വസതിയിൽ നടന്ന ചെറിയ നിക്കാഹ് ചടങ്ങിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒന്നായി ആഘോഷിച്ചു.

നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾക്കൊപ്പം ഉണ്ടാകണം. മുന്നോട്ടുള്ള യാത്രയ്ക്കായി ഒരുമിച്ച് നടക്കാൻ ഞങ്ങൾ ആവേശഭരിതരാണ്'

അസീർ മാലിക്കും ഇൻസ്റ്റയിൽ ഫോട്ടോകൾ ഷെയർ ചെയ്തു. ഹൃദയത്തിന്റെ ഇമോജി അടക്കം.

അസീറിനെ മലാല ആദ്യമായി കണ്ടത്...

എത്ര നാളായി ഇരുവരും ഒരേ തൂവൽ പക്ഷികളായത് എന്ന് വ്യക്തമല്ല. 2019 മുതൽ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. പാക് ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർപോമൻസ് മാനേജരായ മാലിക് ഒരു ഇൻസ്റ്റാ പോസ്റ്റിൽ ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്‌റ്റേഡിയത്തിൽ ഒരു സംഘം ചങ്ങാതിമാർക്കൊപ്പം പാക്കിസ്ഥാന് വേണ്ട് ആർപ്പു വിളിക്കുന്ന ഗ്രൂപ്പ് സെൽഫി ഇട്ടിരുന്നു. ആ ചിത്രത്തിൽ മലാലയും ഉണ്ടായിരുന്നു.

എന്തായാലും മലാലയുടെ പിതാവ് സിയാവുദ്ദീൻ യൂസഫ് സായി അതീവ സന്തോഷവാനാണ്. വാക്കുകൾക്ക് അതീതമാണ്. ടൂർ പെകായിയും ഞാനും സന്തോഷഭരിതരാണ്, അദ്ദേഹം ട്വീറ്റ്ചെയ്തു.

ആരാണ് അസീർ മാലിക്ക്?

തന്റെ കരിയറിൽ ഉടനീളം ക്രിക്കറ്റാണ് അസീർ മാലിക്കിന്റെ ജീവവായു. പാക് ക്രിക്കറ്റ് ബോർഡിൽ ചേർന്നത് മെയ് 2020 ലാണ്. തന്റെ ഇൻസ്റ്റാ പേജിൽ, വിവിധ ക്രിക്കറ്റ് മത്സര വിശേഷങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു.

അമച്വർ വീഗിന്റെ പ്രോത്സാഹനത്തിൽ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്, അസീർ മാലിക്ക്. ലാസ്റ്റ് മാൻ സ്റ്റാൻഡ് അമച്വർ ലീഗിൽ, ഫ്രാഞ്ചൈസി ഉടമയും, പ്ലേയർ മാനേജ്‌മെന്റ് ഏജൻസി മാനേജിങ് ഡയറക്‌റുമായിരുന്നു.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ, മുൾട്ടാൻ സുൽത്താൻസിന്റെ ഓപ്പറേഷണൽ മാനേജരായി ജോലി ചെയ്്തിട്ടുണ്ട്. ഒരു പ്ലേയർ മാനേജ്‌മെന്റ് ഏജൻസിയും നടത്തുന്നു 2012ൽ ലാഹോർ യുനിവഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. 'ഡ്രാമലൈൻ' എന്ന തിയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്റു കൂടിയാണ് അസീർ മാലിക്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16ാം വയസ്സിൽ യുഎന്നിൽ പ്രസംഗിച്ചു. 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.മലാല 2020 ൽ ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടി.