കായംകുളം : സമാധാനം തകർന്ന നാടുകളിൽ അകപ്പെട്ട് മലയാളികളായ ഭാര്യയും ഭർത്തവും. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘുവും (25) ഭാര്യ ജിതിനയുമാണ്(23) യമനിലും യുക്രൈനിലുമായി ദുർഘട സാഹചര്യത്തിൽ കഴിയുന്നത്.ഭർത്താവ് രഘു യെമനിൽ ഹൂതി വിമതർ തട്ടിയെടുത്ത ചരക്ക് കപ്പലിൽ നിന്ന് മോചിതനായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭാര്യ ജിതിനയാകട്ടെ യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ ബോംബ് ഷെൽറ്ററിലുമാണ് ഉള്ളത്.

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മെഡിക്കൽ വിദ്യാർത്ഥിയാണ് ജിതിന. 4 മലയാളികളും രണ്ട് തമിഴ്‌നാട് സ്വദേശികളും ഉൾപ്പെടെ 6 വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റിയോട് ചേർന്നുള്ള ഷെൽറ്ററിലാണ് യുദ്ധം തുടങ്ങിയ ദിവസം മുതൽ കഴിയുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്ന് വെളിപ്പെടുത്തിയുള്ള വിഡിയോ ദൃശ്യം ജിതിനയും സുഹൃത്തുക്കളും പങ്കുവച്ചു. മൊബൈൽ റീചാർജ് ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ ആശയവിനിമയം ഏതു നിമിഷവും നിലയ്ക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്.

കഴിഞ്ഞ ദിവസവും ജിതിന നാട്ടിൽ അച്ഛൻ ജയകുമാറുമായി സംസാരിച്ചിരുന്നു.തൊട്ടടുത്ത രാജ്യമായ പോളണ്ടിലേക്ക് റോഡ് മാർഗം എത്താൻ 4 മണിക്കൂർ മതി. അവിടെ എത്തി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ജനുവരി നാലിനാണ് അഖിൽ ഉൾപ്പെടെ 16 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ചരക്ക് കപ്പൽ ഹൂതി വിമത സംഘം യെമനിൽ തട്ടിയെടുത്തത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ജീവനക്കാരെ സൈന്യം മോചിപ്പിച്ചിരുന്നു.അഖിലും സുഹൃത്തുക്കളും ഇപ്പോഴും യെമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.