കട്ടപ്പന: തമിഴ്‌നാട്ടിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മിനിലോറിയുടെ പിറകിൽ കെട്ടിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിങ് യന്ത്രം വേർപെട്ട് ഉരുണ്ടുചെന്ന് ഇടിച്ച് സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.കട്ടപ്പന പാറക്കടവ് കുരുവിക്കാട്ടിൽ രാജുവിന്റെ മകൻ അനീഷ് ആണു മരിച്ചത്. 22 വയസ്സായിരുന്നു.

തമിഴ്‌നാട് ചിന്നമന്നൂരിനു സമീപം കമ്പംതേനി ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നിർമ്മാണജോലി കഴിഞ്ഞു കോൺക്രീറ്റ് മിക്സിങ് യന്ത്രം മറ്റൊരിടത്തേക്കു കൊണ്ടുപോകുകയായിരുന്നു. തൊഴിലാളികളെ ലോറിയിൽ കയറ്റി പിന്നിൽ മിക്സിങ് യന്ത്രം കയർ ഉപയോഗിച്ചു കെട്ടിവലിച്ചാണു കൊണ്ടുപോയിരുന്നത്. ഇടയ്ക്ക് ഈ കയർ പൊട്ടി യന്ത്രം റോഡിന്റെ എതിർഭാഗത്തേക്കു തെറിച്ചുപോയി. ലോറിയുടെ പിന്നാലെ സ്‌കൂട്ടറിൽ പോയ അനീഷ് യന്ത്രം തെറിച്ചുവരുന്നതു കണ്ടു വണ്ടി വെട്ടിച്ചെങ്കിലും യന്ത്രത്തിന്റെ ഇരുമ്പുകമ്പി തലയിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ അടക്കം യന്ത്രത്തിനൊപ്പം തെറിച്ചുവീണ അനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.തേനിയിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

പാറക്കടവിൽ അനുഗ്രഹ ടയേഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് അനീഷിന്റെ പിതാവ് രാജു. സംസ്‌കാരം നടത്തി. അമ്മ: വിജയലക്ഷ്മി. സഹോദരങ്ങൾ: ആൻസി, നിത്യ, സത്യ.