ടെക്‌സാസ്: ടെക്സാസിലെ യഹൂദപ്പള്ളിയിൽ നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സ്ഥിരീകരിച്ചു. പള്ളിയിൽ അക്രമിച്ചു കയറിയ തീവ്രവാദി പുരോഗിതൻ ഉൾപ്പടെ നാലുപേരെബന്ധിയാക്കിയിരുന്നു. എന്നാൽ, യഹൂദപ്പള്ളി ലക്ഷ്യം വയ്ക്കാൻ കാരണമെന്തെന്ന് അറിയില്ലെന്നും ബൈഡൻ പറഞ്ഞു. മാർട്ടിൽ ലൂഥർ കിങ് ജൂനിയറിന്റെ സ്മരണയിൽ നടത്തുന്ന ഫുഡ് ബാങ്കിൽ കാരറ്റും ആപ്പിളും മറ്റു പാക്ക് ചെയ്യുന്ന കാര്യത്തിൽ ഭാര്യയോടൊപ്പം എത്തി സഹായിക്കുന്നതിനിടയിൽ ഫിലാഡൽഫിയയിലെ മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.

നാലു പേരെ ബന്ധിയാക്കിയ തീവ്രവാദി അതിൽ ഒരാളെ ആദ്യമേ വിട്ടയച്ചിരുന്നു. എഫ് ബി ഐയുടെ സ്പെഷ്യൽ റെസ്‌ക്യു സംഘം ശനിയാഴ്‌ച്ച രാത്രിയോടെ മറ്റു മൂന്നുപേരെയും സ്വതന്ത്രരാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണിൽ നിന്നുള്ള 44 കാരനായ മാലിക് ഫൈസൽ അക്രം ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ എഫ് ബി ഐ സംഘത്തിന്റെ വെടിയേറ്റ് ഇയാൾ മരണമടയുകയായിരുന്നു.

അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും, അയാൾ അമേരിക്കയിൽ എത്തിയതിനു ശേഷം തെരുവോരത്തു നിന്നാണ് തോക്ക് വാങ്ങിയത് എന്ന് സ്ഥിരീകരിച്ചതായി ബൈഡൻ പറഞ്ഞു. ബോംബ് ഉണ്ടെന്ന് അക്രമി ഭീഷണി മുഴക്കിയിരുന്നെങ്കിലും ബോംബ് ഒന്നും തന്നെ കണ്ടെടുക്കാനായില്ല എന്നും ബൈഡൻ പറഞ്ഞു. 2010-ൽ സൈനികർക്കും എഫ് ബി ഐ ഉദ്യോഗസ്ഥർക്കും എതിരെ നിറയൊഴിച്ച കുറ്റത്തിന് 86 വർഷത്തെ തടവ് അനുഭവിക്കുന്ന ആഫിയ സിദ്ദിഖി എന്ന വനിതാ തീവ്രവാദിയുടെ സഹോദരനാണ് എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ആഫിയയെ. മോചിപ്പിക്കണം എന്നതായിരുന്നു ഇയാളുടേ ആവശ്യം. എന്നാൽ അയാൾ ആഫിയ സിദ്ദിഖിയുടെസഹോദരനാണ് എന്ന കാര്യം അവരുടേ അഭിഭാഷകൻ നിഷേധിച്ചിട്ടുണ്ട്.

ലോകത്തെ ഇസ്ലാമവത്ക്കരിക്കാൻ ഇറങ്ങിയ ശാസ്ത്രജ്ഞ

ഒരു ന്യുറോ സയന്റിസ്റ്റായ ആഫിയ സിദ്ദിക്ഖി 1993 ൽ ആണ് ആദ്യമായി തന്റെ തീവ്രവാദ മനോനില പ്രകടമാക്കുന്നത്. നിയമം ലംഘിച്ചുകൊണ്ടാണെങ്കിലും മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവർ ഇത് ചെയ്തത്. ഇവർ നാഷണൽ റൈഫിൾ അസ്സോസിയേഷനിൽ ചേർന്ന് ഷൂട്ടിങ് പഠിക്കുകയും തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കാൻ പഠിക്കണമെന്ന് മറ്റു മുസ്ലിം മതവിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഭർത്താവിനോട് കള്ളം പറഞ്ഞ് ഫോണിലൂടെയായിരുന്നു ഇവർ വിവാഹം കഴിച്ചത്. എന്നാൽ, ഭർത്താവിന്റെ കുടുംബത്തിന് സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ജിഹാദ് നടത്തുക എന്നതുമാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഭർത്താവ് പിന്നീട് തിരിച്ചറിയുകയായിരുന്നത്രെ! പിന്നീട് അഫ്ഗാനിസ്ഥാനിലെത്തിയ ഇവർ എഫ് ബ്വി ഐയുടേ മൊസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ കടന്നുകയറി. അവരെ അഫ്ഗാനിസ്ഥാനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും അമേരിക്കയ്ക്ക് കൈമാറുകയുമായിരുന്നു. 2010-ൽ ഒരു അമേരിക്കൻ കോടതിയിൽ ഇവരെ വിചാരണ ചെയ്തു.

വിചാരണയ്ക്കിടയിൽ ഇവർ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ റൈഫിൾ തട്ടിപ്പറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. അമേരിക്കക്കാർക്ക് മരണം എന്ന് വിളിച്ചുകൂവിക്കൊണ്ടായിരുന്നു ഇത്. ബോസ്റ്റണിൽ വിദ്യാർത്ഥിയായിരുന്ന 11 വർഷക്കാലത്തിനിടയിലായിരുന്നു ഇവർ തീവ്രവാദത്തിലേക്ക് ആകൃഷ്ടയായത്. എം ഐ ടിയിൽ നിന്നും ജീവശാസ്ത്രത്തിൽ ബിരുദം നേടിയൈവർ ബ്രാൻഡീസ് യൂണീവേഴ്സിറ്റിയിൽ നിന്നും ന്യുറോ സയൻസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

തികഞ്ഞ മതവിശ്വാസിയായിരുന്ന അവർ മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ മാത്രമാണ് അണിഞ്ഞിരുന്നതെന്നും സഹപാഠികൾ ഓർക്കുന്നു. മുസ്ലിം സ്റ്റുഡന്റ് അസ്സൊസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഇവർ ബോത്സ്നിയൻ യുദ്ധത്തിന്റെ ആരംഭത്തോടെയാണ് തീവ്രവാദ ചിന്തകളിൽ ആകൃഷ്ടയാകുന്നത്. ബ്രൂക്ക്ലിൻ ആസ്ഥാനമായ അൽ കിഫാ റെഫ്യുജി സെന്ററുമായി ചേർന്ന് ഇവർ പ്രവർത്തിക്കാൻ തുടങ്ങി. അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ അൽ-ക്വയ്ദ രൂപീകരിച്ചതാണ് ഇതെന്നാണ് പറയപ്പെടുന്നത്.

ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ എത്തിയ മാലിക് ഫൈസൽ അക്രം

സിദ്ദിഖിയുടെ സഹോദരനാണ് എന്ന് അവകാശപ്പെട്ട്, അവരുടേ മോചനത്തിനായി ടെക്സാസിലെ യഹൂദപ്പള്ളിയിൽ നാലുപേരെ ബന്ധികളാക്കിയ മാലിക് ഫൈസൽ അക്രം എന്ന 44 കാരന് അവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിദ്ദിഖിയുടെ അഭിഭാഷകൻ പറയുന്നത്. അതേസമയം, അയാൾ മാനസികമായി തകർന്ന വ്യക്തിയായിരുന്നു എന്നാണ് ഫൈസലിന്റെ സഹോദരൻ ഗുൽബർഅക്രം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബന്ദി നാടകം നടക്കുന്ന സമയം മുഴുവൻ താൻ എഫ് ബി ഐയുമായി ബന്ധപ്പെട്ട് സഹോദരനെയും ബന്ധികളാക്കപ്പെട്ടവരെയും രക്ഷിക്കാൻ പരമാവധി ശ്രമിച്ചു എന്നും അയാൾ പറയുന്നു.

തങ്ങളുടേ കുടുംബം ഫൈസലിന്റെ ഒരു പ്രവർത്തിയേയും പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല എന്ന് വ്യക്തമാക്കിയ സഹോദരൻ, ബന്ദിയാക്കപ്പെട്ടവരോടെല്ലാം, അവർക്കുണ്ടായ മാനസിക സംഘർഷത്തിന് മാപ്പ് പറയുകയും ചെയ്തു. ഏതു മതവിഭാഗത്തിൽ പെട്ടവരെയും ആക്രമിക്കുന്നതിന് തങ്ങൾ എതിരാണെന്നും അയാൾ പറഞ്ഞു. അതിനിടയിൽ ഫൈസൽ ബ്രിട്ടീഷ് പൗരനാണെന്ന് സ്ഥിരീകരിച്ച എഫ് ബി ഐ, ഇയാൾ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും പറഞ്ഞു. മറ്റാരെങ്കിലും ഈ പ്രവർത്തിയിൽ ഉൾപ്പെട്ടു എന്നതിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നും എഫ് ബി ഐ വക്താവ് അറിയിച്ചു.