കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളും റദ്ദാക്കി. വെർച്വൽ യോഗങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് അവർ വ്യക്തമാക്കി.

'രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെയും പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച എല്ലാ യോഗങ്ങളും റദ്ദാക്കുന്നു. വെർച്വൽ യോഗങ്ങളിലൂടെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലും' അവർ ട്വീറ്റ് ചെയ്തു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ട വോട്ടെടുപ്പുകൾക്കു മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതു റാലികൾ, കാൽനടയാത്രകൾ, റോഡ്‌ഷോകൾ എന്നിവ നിരോധിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

500 ൽ താഴെ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ മാത്രമേ അനുവദിക്കൂ. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാളിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലികൾ നേരത്തെ റദ്ദാക്കിയിരുന്നു.