കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് നിയമസഭാ കൗൺസിൽ യോഗം ഏകകണ്ഠമായി മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

മെയ്‌ അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായി മൂന്നാം തവണയാണ് മമത ബംഗാൾ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്.

മമത നേരത്തെ ഗവർണർക്ക് രാജി സമർപ്പിച്ചു. പുതിയ മന്ത്രിസഭ രൂപീകരണ നടപടികൾ തുടരുകയാണ്.

നേരത്തെ മമത നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്തു അധികാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ആറ് മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാൽ മതി.

അതേസമയം നന്ദിഗ്രാമിലെ ഫലപ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ മമത സുപ്രീംകോടതിയെ സമീപ്പിച്ചിരുന്നു.1700 വോട്ടിന് ബിജെപിയുടെ സുവേന്ദു ബാനർജി ജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നത്.

നന്ദിഗ്രാമിൽ റീക്കൗണ്ടിങ് പ്രഖ്യാപിക്കുകയാണെങ്കിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റിട്ടേണിങ് ഓഫീസർ പറഞ്ഞതായി മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ വരെ തന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ചതാണ്. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിയത് എന്നും മമത പറഞ്ഞു.

'നന്ദിഗ്രാമിലെ ജനങ്ങൾ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാൻ അത് സ്വീകരിക്കും. എന്നാൽ, വോട്ടെണ്ണലിൽ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീർച്ചയായും കോടതിയെ സമീപിക്കും', എന്നായിരുന്നു മമത നേരത്തെ പ്രതികരിച്ചത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോൾ പാനൽ തന്നെ ഇരയാക്കുകയായിരുന്നുവെന്നും മമത ബാനർജി പറഞ്ഞിരുന്നു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി നന്ദിഗ്രാമിൽ റീകൗണ്ടിങ് വേണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.

മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്തു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരുന്നത്. ഇതിന് പിന്നാലെ സുവേന്തു വർഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമിൽ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.

വോട്ടെണ്ണൽ തുടങ്ങിയ ഘട്ടം മുതൽ മുന്നിലായിരുന്ന സുവേന്തു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളിൽ മമത മറികടന്നത് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവസാനം മമത 1700ഓളം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

അതേ സമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭാ പാർട്ടി നേതാവായി മമതാ ബാനർജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാർട്ടി സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജി പറഞ്ഞു.

സ്പീക്കർ ബിമൻ ബാർജിയെ പ്രോടേംസ്പീക്കറായും നിയുക്ത എംഎൽഎമാർ തിരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തിരഞ്ഞെടുത്ത അംഗങ്ങൾ വ്യാഴാഴ്ച നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യും.

ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയാണ് ബംഗാളിൽ ഇത്തവണ മമതയും തൃണമൂൽ കോൺഗ്രസും വിജയം നേടിയത്. ബിജെപി ഉയർത്തിയ ഭീഷണിയെ മറികടന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 212 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്.

77 സീറ്റുകൾ നേടിയ ബിജെപി മുഖ്യപ്രതിപക്ഷമാകും. തുടർച്ചയായി രണ്ടാം തവണയാണ് തൃണമൂൽ കോൺഗ്രസിന് നിയമസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നത്.

എല്ലാ എക്സിറ്റ് പോൾ ഫലങ്ങളെയും നിഷ്പ്രഭമാക്കിയാണ് മമതയുടെ വിജയം. അതുകൊണ്ടുതന്നെ ബിജെപിക്കെതിരേ ദേശീയതലത്തിൽ പ്രധാന നേതാവായി മാറുകയാണ് മമത.