കൊൽക്കത്ത: ഇന്ത്യൻ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബം​ഗാൾ. സംസ്ഥാനത്തെ ഭരണം ഇക്കുറി തങ്ങൾ പിടിക്കും എന്ന് പ്രഖ്യാപിച്ച് ബിജെപി നടത്തുന്ന പ്രവർത്തനങ്ങളാണ് ബം​ഗാളിനെ ഇപ്പോൾ ചർച്ചാവിഷയമാക്കുന്നത്. മുതിർന്ന തൃണമൂൽ കോൺ​ഗ്രസ് നേതാക്കളെ ഉൾപ്പെടെ ബിജെപി പാളയത്തിൽ എത്തിച്ചാണ് അമിത് ഷായുടെ പടയൊരുക്കം. എന്നാൽ, ബിജെപിയുടെ തന്ത്രങ്ങൾക്ക് വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും മറുപടി നൽകിയാണ് മുഖ്യമന്ത്രി മമത ബാനർജി പി‌ടിച്ചുനിൽക്കുന്നത്. ഇപ്പോഴിതാ, ഇന്ധനവില വർധനവിനെതിരായ മമതയുടെ പ്രതിഷേധമാണ് ശ്രദ്ധേയമാകുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിൽ സഞ്ചരിച്ചാണ് ഇന്ധനവില വർധനവിനെതിരെ ബംഗാൾ മുഖ്യമന്ത്രി പ്രതിഷേധിച്ചത്. കൊൽത്തക്ക മേയർ ഫിർഹദ് ഹക്കിമിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നാണ് മമത സഞ്ചരിച്ചത്. ഹസ്ര മോറിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കുള്ള അഞ്ച് കിലോമീറ്റർ റോഡിലാണ് മമത സഞ്ചരിച്ചത്. പെട്രോൾ വില വർധനവിന് എതിരെയുള്ള ബാനറും കഴുത്തിൽ തൂക്കി ഹെൽമെറ്റും ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മമതയുടെ സ്‌കൂട്ടർ യാത്ര കണ്ട ജനങ്ങൾ റോഡിന് ഇരുവശവും തടിച്ചുകൂടിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ബിജെപി തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നത് തുടരുകയാണ്. പ്രമുഖ ബം​ഗാളി നടി പായൽ സർക്കാർ ഇന്ന്ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് നടി പാർട്ടിയിൽ ചേർന്നത്.

ഇന്നലെയാണ് നടൻ യാഷ് ദാസ്ഗുപ്ത ബിജെപിയിൽ ചേർന്നത്. ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‌വർഗീയയുടെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെയും സാന്നിധ്യത്തിലായിരുന്നു നടന്റെ പാർട്ടി പ്രവേശനം. ഈ സമയത്ത് തന്നെയാണ് ക്രിക്കറ്റ് താരം മനോജ് തിവാരിയും മൂന്ന് ബംഗാളി സിനിമാ താരങ്ങളും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കേ, പരമാവധി നടീനടന്മാരെ തങ്ങളുടെ കൂടാരങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും തൃണമൂൽ കോൺഗ്രസും.

അതിനിടെ, ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ ഏത് മാർ​ഗവും സ്വീകരിക്കുകയാണ് മമത ബാനർജി. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെയും റാലികൾക്ക് പശ്ചിമ ബം​ഗാൾ പൊലീസ് ഇന്ന് അനുമതി നിഷേധിച്ചു. എ്ന്നാൽ ഇതുകൊണ്ടെന്നും ബം​ഗാളിലെ ബിജെപിയുടെ മുന്നേറ്റത്തെ തടയാനാകില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. കോടതിയെ സമീപിച്ച് പരിവർത്തൻ യാത്രക്ക് അനുമതി നേടാനാണ് ബിജെപി നീക്കം.

ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രക്കാണ് പൊലീസ് ഇന്ന് അനുമതി നിഷേധിച്ചത്. ബരാക്ക്‌പൊരയിലൂടെ ആയിരുന്നു ഇന്നത്തെ പരിവർത്തൻ യാത്ര. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ജെപി നദ്ദ പങ്കെടുക്കുന്ന ഇന്നത്തെ യാത്ര ബിജെപി റദ്ദാക്കി. അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ നദ്ദ രംഗത്തെത്തി. ബംഗാളിൽ രഥയാത്ര നടത്തുക തന്നെ ചെയ്യുമെന്ന് നദ്ദ വെല്ലുവിളിച്ചു. ബിജെപി മുന്നേറ്റം മമതയെ വിറളി പിടിപ്പിക്കുന്നു. ബംഗാളിൽ താമര വിരിയിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുമെന്നും ജെപി നദ്ദ പറഞ്ഞു.

ഒവൈസിയുടെ ഇന്ന് നടക്കേണ്ട കൊൽക്കത്ത റാലിയും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കി. 10 ദിവസം മുമ്പ് അനുമതി നൽകാൻ അപേക്ഷ നൽകിയെങ്കിലും അവസാന നിമിഷം അനുമതി നൽകിയില്ലെന്നും എഐഎംഐഎം നേതാക്കൾ ആരോപിച്ചു. മെതിയാബ്രുസ് ഏരിയയിലായിരുന്നു ഒവൈസി റാലി നിശ്ചയിച്ചിരുന്നത്.