കണ്ണുർ: മുതിർന്ന കോൺഗ്രസ് നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്റെ വിശദീകരണവുമായി കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്. തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഡി.സി.സി.പ്രസിഡണ്ടും കെ മുരളീധരൻ എം പിയും ഉൾപ്പെടെയുള്ള നേതാക്കൾ പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അതിന് കൂട്ടാക്കിയില്ലെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

അനുരഞ്ജന ചർച്ചക്ക് പോയവരെ അപമാനിച്ച് വിടുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടി ഒറക്കെട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് 'മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ഡി.സി.സി പ്രസി: മാർട്ടിൻ ജോർജ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മമ്പറത്തെ പുറത്താക്കാൻ പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് പ്രദേശത്തെ 40 മണ്ഡലം പ്രസിഡന്റുമാരുമായി ഈക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.

കെപിസിസിയോ കെപിസിസി അധ്യക്ഷൻ കെ.സുധാകരനോ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും മാർട്ടിൻ പറഞ്ഞു. പാർട്ടിക്കാരായ അഞ്ചു പേരെ പാനലിൽ ഉൾപ്പെടുത്താൻ ഡി.സി.സി ആവശ്യപ്പെട്ടിട്ടും മമ്പറം ദിവാകരൻ തയ്യാറായില്ല. ഇതു സംബന്ധിച്ചു ഡി.സി.സി പ്രസിഡന്റായ താൻ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും മമ്പറം ദിവാകരൻ ഫോൺ അറ്റൻഡ് ചെയ്യാൻ തയ്യാറായില്ലെന്നും. പ്രശ്‌ന - പരിഹാരത്തിന് കെ മുരളീധരൻ എംപി നടത്തിയ ശ്രമത്തോടും സഹകരിച്ചില്ലെന്നും മാർട്ടിൻ പറഞ്ഞു.

മധ്യസ്ഥതയുമായി പാർട്ടി നിയോഗിച്ച കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ടി.ഒ മോഹനൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തെ അപമാനിച്ചു തിരിച്ചയച്ചെന്നും മാർട്ടിൻ ജോർജ് വെളിപ്പെടുത്തി. ആശുപത്രി നിയമനങ്ങളിൽ പാർട്ടിയെ തഴഞ്ഞതും ഡി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. സിപിഎമ്മിന് സ്വാധീനിക്കാൻ കഴിയുന്നവരെയും വൻ ബിസിനസ്സുകാരെയുമാണ് മമ്പറം ദിവാകരൻ പാനലിൽ ഉൾപ്പെടുത്തിയതെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.

പാർട്ടി പാനൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും മാർട്ടിൻ പറഞ്ഞു. കഴിഞ്ഞ 25 കൊല്ലമായി മമ്പറം ദിവാകരന്റെ നേതൃത്വത്തിലാണ് തലശേരി സഹകരണ ആശുപത്രിയുടെ ഭരണം മുന്നോട്ടു പോകുന്നത്. ഇക്കുറി ആശുപത്രിയുടെ ഭരണം പിടിക്കുന്നതിന്റെ ഭാഗമായി പാർട്ടി പാനലിൽ ആശുപത്രി ഭരണ സമിതിയിലേക്ക് സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതോടെ മമ്പറവും കൂട്ടരും എതിർ സ്ഥാനത്തായി. പാർട്ടിക്കെതിരായി മത്സരിക്കുന്നുവെന്ന കാരണം പറഞ്ഞാണ് സുധാകരൻ മമ്പറത്തെ പുറത്താക്കിയിരിക്കുന്നത്.

ഡിസംബർ അഞ്ചിനാണ് ആശുപത്രി ഭരണ സമിതിയിലേക്ക് മത്സരം നടക്കുന്നത്. പാർട്ടിക്കു പുറത്താണെങ്കിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസം മമ്പറത്തിനും കൂട്ടർക്കുമുണ്ട്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്ന മമ്പറത്തേയും കൂട്ടരേയും പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്.

മമ്പറത്തെ പിന്തുണച്ചെന്ന പേരിൽ മമ്പറം മണ്ഡലം പ്രസിഡന്റ് കെകെ പ്രസാദിനെതിരെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് സസ്‌പെന്റ് ചെയ്തിരുന്നു. ദിവാകരനെ പിന്തുണയ്ക്കുന്നവരുടെ ഗതി ഇതാകുമെന്ന മുന്നറിയിപ്പാണ് മണ്ഡലം പ്രസിഡന്റിന്റെ സസ്‌പെൻഷൻ. ഏതായാലും മമ്പറത്തിന്റെ ശക്തി തെരഞ്ഞെടുപ്പിനു ശേഷം അറിയാം.