കൊച്ചി: അമ്പത് വർഷത്തെ തിളക്കമാർന്ന അഭിനയജീവിതം ആഘോഷിക്കപ്പെടുന്ന വേളയിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻ ലാൽ ഗൃഹലക്ഷ്മി ആഴ്ചപ്പതിപ്പിൽ പരാമർശിച്ച കാര്യങ്ങൾ സിനിമാ ലോകത്ത് ചർച്ചയാകുന്നു. മമ്മൂട്ടിയുടെ സ്നേഹ കുറുമ്പിനെ പറ്റി മോഹൻ ലാൽ സരസമായി പറഞ്ഞകാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്.

'ഗൗരവത്തിനും അൽപ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്(മമ്മൂട്ടിയെ മോഹൻ ലാൽ വിളിക്കുന്നത് ഇച്ചാക്ക എന്നാണ്). അത് ഞാൻ പലപ്പോഴും കണ്ടു പിടിച്ചിട്ടുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്നു വരുമോ എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം 'ഇല്ല, അന്ന് പറ്റില്ല' എന്നായിരിക്കും.

അതു കൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോൾ 16-ാം തീയതിയോ എന്ന് ചോദിക്കുക. അത്, ഓക്കെ ആയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നുതന്നെയാണ്. ഇതിനെ സ്നേഹക്കുറുമ്പ് എന്നാണ് ഞാൻ വിളിക്കാറുള്ളത്.'

ഗൃഹലക്ഷ്മിയിൽ മോഹൻ ലാൽ എഴുതിയ വാക്കുകൾ അക്ഷരാർത്ഥത്തിൽ ചർച്ചയാവുകയാണ്. ഒരു രഹസ്യം മോഹൻലാൽ പൊട്ടിച്ചു എന്ന തരത്തിലാണ് വിലയിരുത്തൽ. സരസമായാണ് മോഹൻ ലാൽ പറഞ്ഞിരിക്കുന്നത് എന്നതാണ് വസ്തുതയും.

കുറിപ്പിന്റെ ആദ്യ ഭാഗങ്ങളിൽ മമ്മൂട്ടിയെ പുകഴ്‌ത്തിയും സ്നേഹം വാരിവിതറി ശ്വാസംമുട്ടിച്ചുമാണ് എഴുതിയിരിക്കുന്നത്. അവസാന ഭാഗങ്ങളിലാണ് ഇത്തരത്തിൽ ലളിതമായ വിമർനം ഉന്നയിച്ചിരിക്കുന്നത്. വലിയ ചർച്ചയായെങ്കിലും മമ്മൂട്ടി ഇതു വരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

'ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്ര വർഷത്തെ ബന്ധമാണ്. നീണ്ട മുപ്പത്തിയൊമ്പത് വർഷങ്ങൾ. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാൽ അക്ഷരാർത്ഥത്തിൽ അതാണ് ശരി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങൾ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തിൽ ഒരു മാറ്റവുമില്ല.

അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങൾ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാൻ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങൾ രണ്ടുപേരും തീർത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങൾക്കറിമായിരുന്നു എന്നതാണ്.

നടനാവാൻ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷൻ. മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യൻ അന്തിക്കാട് ഒരു ഉപദേശം പോലെ ഓർമിപ്പിക്കാറുണ്ട്. 'സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്.'

ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു.' എന്നിങ്ങനെയാണ് കുറിപ്പിൽ തുടക്കത്തിൽ മോഹൻലാൽ പറഞ്ഞിരിക്കുന്നത്. സരസമായ വിമർശനത്തിന് ശേഷം എല്ലാ കാലവും മമ്മൂട്ടി ഇതേപോലെ സുന്ദരനും സ്നേഹസമ്പന്നനുമായി ഇവിടെയുണ്ടാവട്ടെ. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ. അത് കണ്ട് അഭിമാനിക്കാൻ നമുക്ക് ഭാഗ്യമുണ്ടാകട്ടെ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.