കൊൽക്കത്ത: ബിജെപി ആഹ്വാനം ചെയ്യുന്ന ഗുജറാത്ത് മോഡൽ വികസനം ബംഗാളിന് വേണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കഴിഞ്ഞ ദിവസം സംഗീതോത്സവത്തിന് തുടക്കമിട്ട് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ബിജെപി ആവർത്തിച്ച് ആവർത്തിച്ച പറയുന്നത് ബംഗാളിൽ ഗുജറാത്ത് മോഡൽ വികസനം കൊണ്ടുവരാനാണ്. എന്നാൽ ബംഗാളിനെ ഗുജറാത്ത് ആക്കി മാറ്റാതിരിക്കാൻ എല്ലാവരും ഒരുമിച്ച നിൽക്കണമെന്നും ബംഗാളിന്റെ സമ്പന്നമായ സംസ്‌ക്കാരത്തെ തകർക്കാൻ അനുവദിക്കരുതെന്നുഗ പറഞ്ഞു.

മമതയ്ക്കും ബംഗാൾ സർക്കാരിനും എതിരേ ആക്രമണോത്സുഹമായി പ്രവർത്തിക്കുന്ന ബിജെപിയെ വരത്തന്മാരെന്ന് മമത വീണ്ടും ആക്ഷേപിച്ചു. ദേശീയഗാനവും ദേശീയഗീതവും എന്തിനേറെ 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം പോലും ലോകത്തിന് നൽകിയത് ബംഗാളാണ്.

ഒരിക്കൽ ബംഗാളിലെ ലോകം മുഴുവൻ നമിക്കും. ജീവിതത്തിന്റെ ഉറവിടമാണ് ബംഗാളിന്റെ മണ്ണ്. അതിനെ നമ്മൾ സംരക്ഷിക്കണം. അതിൽ അഭിമാനം കൊള്ളണം. പുറത്തു നിന്നും വരുന്നവർ പറയുന്നത് ഇവിടം ഗുജറാത്താക്കി മാറ്റണമെന്നാണെന്നും പറഞ്ഞു. തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും സംഗീതോത്സവം ഉദ്ഘാടനം ചെയ്ത മമത പാട്ടുപാടാനും നൃത്തമാടാനും മടിച്ചില്ല.

സംഗീതജ്ഞരും പാട്ടുകാരും നർത്തകരുമായി നാട്ടുകലാകാരന്മാരായ അനേകരെയാണ് ചടങ്ങിൽ ആദരിച്ചത്. പരിപാടിയിൽ സന്താൾ നർത്തകി ബസന്തി ഹെംബ്രാമാണ് ചില നൃത്തച്ചുവടുകൾ മമതയെ പരിശീലിപ്പിച്ചത്. അതിന് ശേഷം നടന്ന പ്രസംഗത്തിലായിരുന്നു ബിജെപിയെ ശക്തമായി വിമർശിച്ചത്.