കൊൽക്കത്ത:കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണി മാറ്റിവെച്ച് രാഷ്ട്രീയമായി നേരിടാൻ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അനന്തരൻ അഭിഷേക് ബാനർജിക്കും ഭാര്യ രുചിരയ്ക്കുമെതിരേയുള്ള ഇ.ഡി നടപടിയിലാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത രംഗത്തെത്തിയത്. കൽക്കരി കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ അഭിഷേകിനും ഭാര്യക്കും ഹാജരാകാൻ ഇ.ഡി നിർദ്ദേശം നൽകിയിരുന്നു.

'നിങ്ങൾ എന്തിനാണ് ഇ.ഡി പോലുള്ള ഏജൻസികളെ ഞങ്ങൾക്ക് എതിരായി തുറന്ന് വിടുന്നത്. നിങ്ങൾ ഒരു കേസിനെപ്പറ്റി പറഞ്ഞാൽ തിരിച്ച് ഞങ്ങൾക്ക് പറയാൻ ഒരുപാടുണ്ടാകും. ഗുജറാത്തിലൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയുന്നതാണ്'. മമത പറഞ്ഞു.തൃണമൂൽ കോൺഗ്രസ് സ്ഥാപക ദിനത്തിൽ നടന്ന പരിപാടിയിലായിരുന്നു മമതയുടെ വിമർശനം.

കൽക്കരി പോലുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന് കീഴിലാണ് വരുന്നത്. അതിന് തൃണമൂൽ കോൺഗ്രസിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിട്ടെന്താണ് കാര്യമെന്നും അവർ ചോദിച്ചു. കൽക്കരി ഇടപാടിൽ പണം തട്ടിയത് ബിജെപി നേതാക്കളാണെന്നും മമത തിരിച്ചടിച്ചു.

കേന്ദ്ര സർക്കാരിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതിയായ നാഷണൽ മോണിറ്റൈസേഷൻ പ്പൈപ് ലൈനിനേയും മമത വിമർശിച്ചു. രാജ്യത്തെ വിറ്റഴിക്കാനും കോർപ്പറേറ്റുകളെ സഹായിക്കാനുമുള്ള തട്ടിക്കൂട്ട് പരിപാടിയെന്നാണ് മമത ഇതിനെ വിശേഷിപ്പിച്ചത്.