അഹമ്മദാബാദ്: മെഡിക്കൽ വിദ്യാർത്ഥികളുടെ മാത്രം ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിലായതോടെ പുറത്ത് വന്നത് വ്യത്യസ്തമായ ഒരു പ്രതികാരത്തിന്റെ കഥ. തമിഴ്‌നാട് സ്വദേശിയായ തമിഴ്‌ശെൽവൻ കണ്ണൻ (24) എന്ന യുവാവാണ് ​ഗുജറാത്തിൽ വച്ച് ജാംനഗർ പൊലീസിന്റെ പിടിയിലായത്. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികളുടെ ലാപ്ടോപ്പാണ് ഇയാൾ മോഷ്ടിച്ചത്.

ചോദ്യം ചെയ്യലിൽ പൊലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തമിഴ്‌ശെൽവൻ വെളിപ്പെടുത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പുകൾ മാത്രമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. 2015-ൽ ജീവിതത്തിലുണ്ടായ ഒരു സംഭവമായിരുന്നു അതിന് കാരണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർത്ഥികൾ അന്ന് തമിഴ്‌ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തിയിരുന്നു. ഇത് പിന്നീട് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡിക്കൽ വിദ്യാർത്ഥികളോട് പക തോന്നിയത്.

കഴിഞ്ഞ ഡിസംബറിൽ എംപി ഷാ മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ആറ് ലാപ്‌ടോപ്പുകൾ മോഷണം പോയ കേസിലാണ് ഇയാൾ പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ നിന്നായി അഞ്ഞൂറോളം ലാപ്‌ടോപ്പുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26നാണ് എംപി ഷാ മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയത്. ഡിസംബർ 26ന് ജാംനഗറിലെത്തിയ പ്രതി ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. തുടർന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോൽ കണ്ടെത്തുകയും മുറി തുറന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുകയുമായിരുന്നു.

ഇതുവരെ അഞ്ഞൂറോളം മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങൾ. പിന്നീട് ഫരീദാബാദിലേക്ക് താമസം മാറി. തുടർന്ന് ഉത്തരേന്ത്യയിലെയും മെഡിക്കൽ കോളേജുകളിൽ മോഷണം നടത്തി. ഇന്റർനെറ്റിൽനിന്നാണ് മെഡിക്കൽ കോളേജുകളുടെ വിവരങ്ങൾ സംഘടിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.