സേലം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തമിഴ്‌നാട്ടിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കർഷകനായ സേലം സ്വദേശി മുരുകേശൻ (40) ആണ് മരിച്ചത്. സംഭവത്തിൽ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ പെരിയസ്വാമിക്കെതിരെ സേലം പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റിൽവച്ചാണ് മുരുകേശനെ പൊലീസ് ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സേലത്ത് മദ്യക്കടകൾ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടർന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പൊലീസ് തടഞ്ഞത്. തുടർന്ന് എസ്.എസ്‌ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. റോഡിൽ വീണ മുരുകേശനെ റോഡിലിട്ടും പൊലീസുകാരൻ തല്ലിച്ചതച്ചു. അതേസമയം, മുരുകേശൻ അസഭ്യം പറഞ്ഞതാണ് മർദനനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ പറഞ്ഞു.

മുരുകേശനെ ഒരു മണിക്കൂറോളമാണ് പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. കൂട്ടുകാർ മുരുകേശനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മർദ്ദനത്തിൽ തലയ്ക്ക് സാരമായ പരുക്കേറ്റ മുരുകേശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. തല്ലരുതെന്ന് പറഞ്ഞിട്ടും കേൾക്കാതെ പൊലീസുകാരനെ മുരുകേശനെ തുടർന്നും മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം അറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

റോഡിൽ വെച്ചുള്ള മർദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുള്ള പൊലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കളടക്കം രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ ക്രൂരമർദനത്തിന് നേതൃത്വം നൽകിയ എസ്.എസ്‌ഐ. പെരിയസ്വാമിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എസ്‌പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ തൂത്തുക്കുടിയിൽ ജയരാജ് എന്ന കച്ചവടക്കാരനെയും മകൻ ബെന്നിക്‌സിനേയും പൊലീസ് മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.