ഉദയംപേരൂർ: കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറാകാതിരുന്നതിനാൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയെ. ഉദയംപേരൂർ ഉണിക്കുന്നത്ത് കുറുപ്പശ്ശേരിൽ പുഷ്പാംഗദൻ (57) ആണ് കഴിഞ്ഞ ദിവസം ബസ് ജീവനക്കാരുടെ മനുഷ്യത്വമില്ലായ്മ കാരണം മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്നു കുഴഞ്ഞുവീണ പുഷ്പാംഗദനെ ആശുപത്രിയിലെത്തിക്കാതെ ബസ് സർവീസ് തുടരുകയായിരുന്നു. വിവരമറിഞ്ഞ് വീട്ടുകാർ എത്തിയെങ്കിലും പൊലീസ് എത്തിയ ശേഷം കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞ് ചിലർ തടയുകയും ചെയ്തു. പൂത്തോട്ടയിൽ വ്യാഴാഴ്ച രണ്ടരയോടെയാണ് സംഭവം.

ചോറ്റാനിക്കരയിൽ ഒരു ഡോക്ടറുടെ ഡ്രൈവറാണ് പുഷ്പാംഗദൻ. പുഷ്പാംഗദൻ ഹൃദ്രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നു. കിഴക്കേക്കോട്ടയിൽ നിന്നാണ് പുഷ്പാംഗദൻ 'ചിയേഴ്സ്' ബസിൽ വീട്ടിലേക്ക്‌ പോകാനായി കയറിയത്. ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്റ്റോപ്പിൽ ഇറങ്ങേണ്ടതായിരുന്നു. പുഷ്പാംഗദന്റെ ഫോണിൽ അവസാനം വിളിച്ച കൂട്ടുകാരന്റെ നമ്പറിൽ ബസ് ജീവനക്കാർ വിളിച്ചുപറയുക മാത്രം ചെയ്തു. ഇദ്ദേഹമാണ് വീട്ടുകാരെ അറിയിച്ചത്. അയൽവാസികളായ രണ്ടു പേരെയും കൂട്ടി കാറിൽ പൂത്തോട്ടയിലെത്തിയപ്പോൾ ഭർത്താവ് മണ്ണിൽ കിടക്കുന്നതാണ് കണ്ടതെന്ന് ഭാര്യ രാജി പറഞ്ഞു.

ആളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പൊലീസ് വന്നിട്ട് കൊണ്ടുപോയാൽ മതിയെന്നു പറഞ്ഞ് ചിലർ തടഞ്ഞതായും വീട്ടുകാർ പറഞ്ഞു. പിന്നീട് വീട്ടുകാർ നാലു മണിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. ബസിന്റെ അവസാന സ്റ്റോപ്പായ പൂത്തോട്ടയിൽ പുഷ്പാംഗദനെ ഇറക്കിക്കിടത്തിയ ശേഷം ബസ് ജീവനക്കാർ സർവീസ് തുടരുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പുഷ്പാംഗദന്റെ ഭാര്യ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൂത്തോട്ടയിൽ എത്തുംമുമ്പ് വഴിയിൽ ഒരു സ്വകാര്യ ആശുപത്രിയും പുത്തൻകാവ് സർക്കാർ ആശുപത്രിയും ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ആളെ കൊണ്ടുപോകാൻ കൂട്ടാക്കിയില്ലെന്ന് പരാതിയിലുണ്ട്. അശ്വതി, ആദിത്യൻ എന്നിവരാണ് പുഷ്പാംഗദന്റെ മക്കൾ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്കാരം വെള്ളിയാഴ്ച രണ്ടിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.