നീലഗിരി: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടിയെന്ന് വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയിൽ വച്ചാണ് കടുവയെ പിടികൂടിയത്. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്.

നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ തെരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തെരഞ്ഞത്. ഇന്നലെ മയക്കുവെടി വെച്ചതിന് പിന്നാലെ കടുവ കാട്ടിനുള്ളിലേക്ക് കടന്നിരുന്നു.

കടുവയെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടിരുന്നു. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിന്മേൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി.

നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന നരഭോജി പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്. തുടർന്ന് കേരള വനം വകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞമാസം 24 മുതൽ പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.