ചെന്നൈ: വർക്കൗട്ടിനിടെ ജിമ്മിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 27കാരനായ ശ്രീ വിഷ്ണു എന്ന യുവാവാണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാപിതാക്കൾക്കും ഇരട്ട സഹോദരിമാർക്കും ഒപ്പം മധുരൈ തിരുവള്ളുവർ നഗറിൽ താമസിച്ചിരുന്ന വിഷ്ണു കമ്പ്യൂട്ടർ സർവീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. 24 വയസ്സുമുതൽ വർക്കൗട്ട് ശീലമാക്കിയിരുന്നു. 'അവൻ രാത്രി 8.30 വരെ ജോലി ചെയ്ത് 9 മണിയോടെ വീട്ടിലെത്തും. അമ്മയോടൊപ്പം കുറച്ച് സമയം ചിലവഴിച്ച് ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല', അച്ഛൻ കമലേശ്വരൻ പറഞ്ഞു.

ജൂൺ നാലാം തിയതിയാണ് സംഭവം. 'വർക്കൗട്ടിനിടയിൽ ഞങ്ങൾ വിലക്കിയിട്ടും വിഷ്ണു പഴം കഴിച്ചു. അതിനുശേഷവും വ്യായാമം തുടർന്നു. 20 കിലോയാണ് ഉയർത്തിയത്. രണ്ട് വർഷത്തിലേറെയായി വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നവർ അത്രയം ഭാരം ഉയർത്തുന്നത് സാധാരണയാണ്. രാത്രി ഏകദേശം 10:15 ആയപ്പോൾ വർക്കൗട്ട് അവസാനിപ്പിച്ചു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു. ഞങ്ങളോടെ സംസാരിച്ചുനിൽക്കെയാണ് അവൻ കുഴഞ്ഞുവീണത്. വീട്ടിൽ വിവരമറിയിച്ചശേഷം അവനെ ഞങ്ങൾ അശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു', ജിം ട്രെയ്‌നർ പറഞ്ഞു.