പാറ്റ്‌ന: ക്രിമിനൽ കേസുകൾ അനുദിനം വർധിക്കുമ്പോൾ കുറ്റകൃത്യങ്ങൾ മറയ്ക്കാൻ പുതുപുതു വഴികൾ തേടുകയാണ് ക്രിമിനലുകൾ.ചിലതൊക്കെ അതിവിദ്ഗധമായി കുറ്റകൃത്യങ്ങളെ മറയ്ക്കുമ്പോൾ മറ്റു ചിലതാകട്ടെ പരീക്ഷണം പാളി പ്രതികൾക്ക് തന്നെ വിനയാകുന്നു.അത്തരത്തിലൊരു സംഭവമാണ് ഇക്കഴിഞ്ഞ ദിവസം ബീഹാറിലെ സിക്കന്ദർപുർ നഗറിൽ ഉണ്ടായത്.

രഹസ്യബന്ധം ഭർത്താവറിയാതിരിക്കാനും ഒരുമിച്ച് ജീവിക്കാനും വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ചെയ്തത് മൃതദേഹം അലിയിച്ചു കളയുന്ന രീതീ പരീക്ഷിക്കുകയായിരുന്നു.പക്ഷെ നീക്കം പാളിയതോടെ ഫ്‌ളാറ്റിൽ പൊട്ടിത്തെറി ഉണ്ടാവുകയും ഭാര്യയും കാമുകനും അറസ്റ്റിലാവുകയും ചെയ്തു.ബിഹാറിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി(30)നെയാണ് ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്ന് കൊലപ്പെടുത്തിയത്.

സിക്കന്ദർപുർ സ്വദേശിയായ രാകേഷ് ബിഹാറിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നയാളാണ്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് അധികൃതരെ വെട്ടിച്ച് മദ്യം എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. അതിനാൽ തന്നെ പൊലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.പൊലീസിന്റെ വലയിൽ കുരുങ്ങാതിരിക്കാൻ രഹസ്യകേന്ദ്രങ്ങളിലാണ് രാകേഷ് താമസിച്ചിരുന്നത്. അപൂർവമായി മാത്രമേ ഭാര്യ താമസിക്കുന്ന ഫ്ളാറ്റിൽ വരാറുള്ളൂ.

അതിനാൽ തന്നെ വീട്ടിലെ കാര്യങ്ങൾ നോക്കാനായി ബിസിനസ് പങ്കാളിയായ സുഭാഷിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇങ്ങനെയാണ് ബിസിനസ് പങ്കാളിയായ സുഭാഷും രാകേഷിന്റെ ഭാര്യയായ രാധയും അടുപ്പത്തിലാവുകയായിരുന്നു.രഹസ്യബന്ധം വളർന്നതോടെ രാകേഷിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ രാധയും സുഭാഷും തീരുമാനിച്ചു. ഇക്കാര്യം സഹോദരിയെയും സഹോദരീ ഭർത്താവിനെയും അറിയിച്ചു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൃത്യം നടത്താൻ തീരുമാനിച്ചു.കൃത്യം നടത്താൻ രാധയുടെ സഹോദരി കൃഷ്ണയും ഇവരുടെ ഭർത്താവും സഹായിച്ചിരുന്നു.

തീജ് ചടങ്ങിന്റെ ആഘോഷങ്ങൾക്കായി രാധ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.അന്നേദിവസം വീട്ടിലെത്തിയ രാകേഷിനെ രാധയും കാമുകനും മറ്റ് രണ്ടുപേരും ചേർന്നാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം കാമുകനായ സുഭാഷ് മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടർന്ന് ഫ്ളാറ്റിനുള്ളിൽവെച്ച് തന്നെ രാസവസ്തുക്കൾ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിച്ച് കളയാനായിരുന്നു ശ്രമം. എന്നാൽ രാസവസ്തുക്കൾ ഒഴിച്ചതോടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.

ഫ്ളാറ്റിൽ പൊട്ടിത്തെറിയുണ്ടായത് കണ്ട അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോൾ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടത്. ഇതോടെ പ്രതികളെ ചോദ്യംചെയ്യുകയും കൊലപാതക വിവരം പുറത്തറിയുകയുമായിരുന്നു. ഫൊറൻസിക് പരിശോധനയിൽ മൃതദേഹം രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

അതിനിടെ, ഫ്ളാറ്റിൽ പൊട്ടിത്തെറിയുണ്ടായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ രാകേഷിന്റെ സഹോദരൻ ദിനേശ് സാഹ്നി പൊലീസിൽ പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ടത് രാകേഷാണെന്നും സഹോദരന്റെ ഭാര്യയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ദിനേശ് പരാതിയിൽ ഉന്നയിച്ചിരുന്നു. സുഭാഷും രാധയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാമെന്നും വാടകവീട്ടിൽ താമസിച്ചിരുന്ന രാകേഷ് ഏതാനുംദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് പോയെന്നും സഹോദരൻ നേരത്തെ പ്രതികരിച്ചിരുന്നു.