ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിൽ സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വിവാഹം കഴിച്ച യുവാവ് പൊലീസിന്റെ പിടിയിൽ. വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. .

വെഗമഡഗു സ്വദേശിയായ ഉമാപതിയെയാണ് പൊലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സഹോദരിമാരായ പെൺകുട്ടികളെ മെയ് ഏഴിനാണ് കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിൽവെച്ച് ഉമാപതി വിവാഹം ചെയ്തത്. ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹച്ചടങ്ങ്.

പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പൊലീസിന് നൽകിയ മൊഴി. ഇക്കാര്യം കുടുംബാംഗങ്ങളുമായി ചർച്ച ചെയ്താണ് തീരുമാനത്തിലെത്തിയതെന്നും യുവാവ് പറഞ്ഞു.

യുവാവ് രണ്ട് പേരെ ഒരേസമയം വിവാഹംചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെ നവവരനെ പൊലീസ് പിടികൂടുകയായിരുന്നു.

സഹോദരിമാരിൽ മൂത്ത പെൺകുട്ടിയുമായാണ് ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. എല്ലാ സമയത്തും തന്നോടൊപ്പമുള്ള സഹോദരിയെ ഒറ്റപ്പെടുത്താൻ കഴിയില്ലെന്നും സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് ഉമാപതി ഒരേ പന്തലിൽവെച്ച് രണ്ടു പേരെയും താലി ചാർത്തിയത്.

അതേസമയം, പെൺകുട്ടികളുടെ പിതാവും സമാനരീതിയിൽ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് പൊലീസും അറിയിച്ചു. ഒരേ പന്തലിൽവച്ചാണ് ഇയാൾ രണ്ടു പേരെയും താലിചാർത്തിയത്. ഇതിലൊരാൾ സംസാരശേഷിയില്ലാത്ത സ്ത്രീയാണ്.