വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി പോത്തുമടയിൽ വനപാലകർ കർഷകന്റെ വിളകൾ വെട്ടിനശിപ്പിച്ചെന്നു പരാതി. സമീപത്തെ ചെറിയ വീടും തകർത്തു. പാലക്കുഴി പുത്തോട്ട് രാജന്റെ കൃഷിയിടത്തിലെ കുരുമുളക് ചെടികൾ ഉൾപ്പടെയുള്ള വിളകളാണു നശിപ്പിച്ചത്. തുടർന്നു രാജന്റെ മകൻ രഞ്ജിത്തിനെ (35) വനംവകുപ്പ് ഓഫിസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു.

വർഷങ്ങളായി കൃഷിചെയ്യുന്ന സ്ഥലത്താണു വനംവകുപ്പിന്റെ നടപടിയെന്നു രാജൻ പറഞ്ഞു. സമീപത്തെ പോത്തുമട രാമൻകുട്ടിയുടെ കുരുമുളക് തൈകളും വെട്ടി നശിപ്പിച്ചെന്നാണു പരാതി. ചെറുവിളകൾ പറിച്ചും വെട്ടിയും നശിപ്പിച്ചിട്ടുണ്ട്. രഞ്ജിത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം ശക്തമായി. തുടർന്നു ജാമ്യത്തിൽ വിട്ടു.

രഞ്ജിത്തിനെക്കൊണ്ട് വനംവകുപ്പ് അധികൃതർ 500 രൂപയുടെ രണ്ട് സ്റ്റാംപ് പേപ്പർ വാങ്ങിപ്പിച്ചെന്നും പോത്തുമടയിലെ കൃഷിഭൂമിയിലുള്ള കുരുമുളക് ചെടികളും മറ്റും വെട്ടിയും പറിച്ചും കളഞ്ഞെന്നും വീട് പൊളിച്ചുകളഞ്ഞെന്നും പേപ്പറിൽ എഴുതി വാങ്ങിയതായും രാജൻ ആരോപിച്ചു.

അതേസമയം വനഭൂമിയിലെ മരങ്ങളുടെ ചോലയിറക്കിയതിനാണ് വനംവകുപ്പ് രഞ്ജിത്തിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും കൃഷിക്കു നാശം വരുത്തിയിട്ടില്ലെന്നും അണക്കപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സലീം പറഞ്ഞു.ഇതിനിടെ പാലക്കുഴിയിൽ ഡിറ്റനേറ്റർ കണ്ടെത്തിയ സംഭവത്തിലും പീച്ചി വനമേഖലയിൽ കാട്ടുതീ പടർന്ന സംഭവത്തിലും യുവാവിനെതിരെ കേസ് ചുമത്താനും ശ്രമം നടന്നതായി വീട്ടുകാർ ആരോപിച്ചു.

കൃഷി സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി കയറി കൃഷികൾ വെട്ടിനശിപ്പിച്ചെന്നാരോപിച്ച് രാജൻ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി