കണ്ണുർ: ആ സല്യൂട്ടിൽ എല്ലാമുണ്ട്. കടലോളം കരച്ചിലും അമർത്തി പിടിച്ച സങ്കടങ്ങളും ലാളിച്ചു പോറ്റിയ സ്വന്തം മകൾക്ക് അവസാനമായി നൽകാൻ മുൻ പട്ടാളക്കാരനായ അച്ഛന്റെ കൈയിൽ അതു മാത്രമേയുണ്ടായിരുന്നുള്ളു. കോതമംഗലത്ത് വെടിയേറ്റു മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം വിട്ടിലെത്തിച്ചപ്പോൾ ആദ്യം കണ്ടവരിൽ ഒരാളും ആ അച്ഛൻ തന്നെയായിരുന്നു.

ഉള്ളുലയുന്നതും പ്രളയജലം പോലെ കണ്ണീര് ഇരമ്പി വരുമ്പോഴും ഒരു പട്ടാളക്കാരന്റെ ചങ്കുറപ്പോടെ മനസിന് കോട്ട കെട്ടി ആ അച്ഛൻ ചേതനയറ്റു കിടക്കുന്ന മകൾക്ക് നൽകിയത് ഒന്നു മാത്രം സർവ്വ ശക്തിയുമെടുത്ത് ഒരു സല്യുട്ട്'. ഒരു വട്ടം ആ മുഖത്തേക്ക് നിർന്നിമേഷനായി നോക്കിയതിനു ശേഷം തിരിച്ച് അകത്തേക്ക് നടന്നു എല്ലാം തകർന്നപ്പോൾ പതറിപ്പോയ ചുവടുകളോടെ.

'ജീവിതത്തിന്റെ നല്ലൊരു ഭാഗം സൈന്യത്തിൽ ചിലവഴിച്ചതിനു ശേഷം വിശ്രമിക്കേണ്ട കാലത്ത് ഈ അച്ഛൻ മഴയും വെയിലും കൊണ്ട് കണ്ണുര് പോലുള്ള ഒരു നഗരത്തിലെ ഗതാഗത കുരുക്കഴിച്ചെടുക്കാൻ തുച്ഛമായ ശമ്പളത്തിന് കൈകാലിട്ടടിക്കുന്ന ഹോംഗാർഡിന്റെ വേഷമിട്ടത് മകളുടെ നല്ല ഭാവിയെ സ്വപ്നം കണ്ടായിരുന്നു.

കരി പുകയും പൊടിയും നിന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുമ്പോൾ പി.വി മാധവനെന്ന അച്ഛൻ സ്വപ്നം കണ്ടത് ഡോക്ടറുടെ വേഷമിട്ട് കൺമുൻപിൽ വരുന്ന മകളുടെ ചിത്രമായിരിക്കാം. പ്രണയവൈരാഗ്യത്താൽ രഖിൽ ഇല്ലാതാക്കിയത് മാനസിയെ മാത്രമല്ല ഒരു കുടുംബത്തിന്റെ സന്തോഷങ്ങൾ മുഴുവനാണ്.

മാനസിയുടെ അമ്മ സബീനയുടെ അലമുറയിട്ടുള്ള കരച്ചിൽ തികച്ചും വികാരനിർഭരമായ രംഗങ്ങളാണ് നാറാത്ത് ടി.സി ഗേറ്റിന് സമീപമുള്ള പാർവ്വണമെന്ന വീട്ടിൽ മാനസിയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ സൃഷ്ടിച്ചത്. രാവിലെ ഏഴരയോടെയെത്തിയ മൃതദേഹം മാതാപിതാക്കളെയും സഹോദരൻ അശ്വന്തിനെയുമാണ് ആദ്യം കാണിച്ചത്.

മകളെ പേരെടുത്ത് വിളിച്ച് അലറിക്കരയുകയായിരുന്നു അമ്മ സബീന 'അവരുടെ കരച്ചിൽ കേട്ടു നിന്നവരെയും ഒരേ പോലെ ദുഃഖത്തിലാഴ്‌ത്തി. രാവിലെ ഒൻപതരയോടെ മൃതദേഹം പയ്യാമ്പലത്തേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയി. സഹോദരൻ അശ്വന്തും മറ്റു അർധ സഹോദരങ്ങളും ചേർന്നാണ് ചിതയ്ക്കു തീ കൊളുത്തിയത്. അതോടെ കേരളത്തിന്റെ മുഴുവൻ വേദനയായ മാനസയുടെ ഭൗതിക ശരീരത്തെ തീജ്വാലകൾ വിഴുങ്ങി.