എറണാകുളം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32)ആണ് ഒന്നാം പ്രതി. ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും സംഭവങ്ങൾക്കും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) കേസിൽ രണ്ടാം പ്രതിയാണ്.

പണം വാങ്ങി തോക്കു കൈമാറിയ ബീഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്.

ജൂലൈ 30 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രാഖിൽ മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

പൊലീസ് സംഘം ബിഹാർ, വാരണാസി, പാറ്റ്‌ന, മുംഗീർ, സങ്കരാപൂർ, ജത്യാ ബന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തുകയുണ്ടായി. ബീഹാറിൽ നിന്നുമാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്.

എസ് പി കെ.കാർത്തിക്ക്, ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ വി എസ്.വിപിൻ , എസ്‌ഐമാരായ മാഹിൻ സലിം, ഷാജി കുര്യാക്കോസ്, മാർട്ടിൻ ജോസഫ്, കെ.വി ബെന്നി, എഎസ്ഐ മാരായ വി എം.രഘുനാഥ്, ടി.എം മുഹമ്മദ് സി.പി. ഒമാരായ അനൂപ്, ഷിയാസ്, ബേസിൽ, ബഷീറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.