മംഗളൂരു: മംഗളുരു ജെപ്പൂ മാർക്കറ്റിന് സമീപം മോർഗൻസ് ഗേറ്റിൽ നാലംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് മതപരിവർത്തന ഭയവും കുടുംബവഴക്കുകളുമെന്ന് പൊലീസ്. ബെംഗ്‌ളുറു ബീലാഗി സ്വദേശികളും ഇവിടെ വാടക വീട്ടിൽ താമസക്കാരുമായിരുന്ന നാഗേഷ് ഷെരിഗുപ്പി (32), ഭാര്യ വിജയലക്ഷ്മി (28), മക്കൾ സപ്ന (എട്ട്), സാമന്ത് (നാല്) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്.

ഭാര്യയേയും രണ്ട് കുട്ടികളേയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം നാഗേഷ് ഷെരിഗുപ്പി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടേതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുമെന്ന് ഭയന്നാണ് താൻ ഈ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ വെളിച്ചത്തിൽ യുവതി ജോലി ചെയ്തിരുന്ന വീടിന്റെ ഉടമസ്ഥയായ നൂർ ജാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയലക്ഷ്മി വീട്ടുടമസ്ഥയുമായി നൂർ ജാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അതിനാൽ ഭാര്യ മതം മാറിയേക്കുമെന്ന് ഭർത്താവിന് സംശയം തോന്നിയിരുന്നുവെന്നും പൊലീസ് പറയുന്നു.

കുറിപ്പിന് പുറമേ, എഎസ്ഐക്ക് ഒരു ശബ്ദ സന്ദേശവും നാഗേഷ് അയച്ചിരുന്നുവെന്നും അതിലും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുവെന്നുമാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ, മദ്യപിച്ചെത്തിയ നാഗേഷ് ഭാര്യയെ മർദിച്ചിരുന്നുവെന്നും തുടർന്ന് യുവതി വീടുവിട്ടിറങ്ങിയെന്നും സിറ്റി പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു. നാഗേഷ് മിസിങ് പരാതി നൽകിയിരുന്നു. പിന്നീട് തനിക്ക് പരിചയമുള്ള ഒരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി. ഭർത്താവുമായി ഒത്തുതീർപ്പിന് വിജയലക്ഷ്മി സമ്മതിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. അതിനിടയിലാണ് ബുധനാഴ്ച രാവിലെ ദാരുണ സംഭവം നടന്നത്.