ന്യൂഡൽഹി: മണിപ്പൂരിൽ കഴിഞ്ഞ തവണ ഉണ്ടായ പിഴവ് ആവർത്തിക്കാതിരിക്കാൻ മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. ഇതിന് വേണ്ടി ചെറു കക്ഷികളുമായി സഹകരിക്കാനാണ് കോൺഗ്രസ് നീക്കം. മണിപ്പുരിൽ തിരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇടതു പാർട്ടികളും കോൺഗ്രസും ആലോചിക്കുന്നുണ്ട്.

ഇതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷും സിപിഐ നേതാവ് ഡി. രാജയും ഡൽഹിയിൽ കൂടിയാലോചന നടത്തി. അടുത്ത ഘട്ടത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായും കൂടിയാലോചന നടത്തും. മണിപ്പുരിൽ അടുത്ത വർഷമാണു തിരഞ്ഞെടുപ്പു നടക്കുന്നത്. സംസ്ഥാന തലത്തിൽ കോൺഗ്രസും ഇടതു പാർട്ടികളും ചർച്ച നടക്കുന്നുണ്ട്. ഇടതു പാർട്ടികളുമായി സഖ്യം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർബന്ധമാണ് കോൺഗ്രസിനെ ചർച്ചകളിലേക്കു നയിക്കുന്നതെന്നറിയുന്നു.

മണിപ്പുരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 35.1% വോട്ടു കിട്ടിയിരുന്നു. ബിജെപിക്ക് 36% വോട്ടും ലഭിച്ചു. കൂടുതൽ സീറ്റുകൾ കോൺഗ്രസിനായിരുന്നെങ്കിലും എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി ഭരണം പിടിച്ചു. സിപിഐക്ക് 0.74% വോട്ടും സിപിഎമ്മിന് 0.01% വോട്ടുമാണു ലഭിച്ചത്. ഒറ്റയ്ക്കു മത്സരിച്ചു ജയിക്കാനുള്ള ശേഷി ഇരുപാർട്ടികൾക്കുമില്ലെങ്കിലും സഖ്യമായി മത്സരിക്കുമ്പോൾ അതു വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.

അതേസമയം ഗോവയിൽ ചെറുപ്പക്കാരെ പരീക്ഷിക്കാനാണ് കോൺഗ്രസ് നീക്കം. ഫെബ്രുവരിയിൽ നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 7080% സ്ഥാനാർത്ഥികളും ചെറുപ്പക്കാരും പുതുമുഖങ്ങളും ആയിരിക്കുമെന്ന് പിസിസി പ്രസിഡന്റ് ഗിരീഷ് ചോദൻകർ അറിയിച്ചു. ബ്ലോക്ക് കമ്മിറ്റികൾ നിർദേശിക്കുന്നവർക്കായിരിക്കും സീറ്റ് നൽകുക. പാർട്ടി വിട്ടുപോയവർ തിരികെ വന്നാലും സീറ്റ് നൽകില്ല. മുതിർന്ന നേതാക്കൾ മറുകണ്ടം ചാടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമരൊു നീർദേശം.

2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 അംഗ സഭയിൽ 17 സീറ്റ് നേടി കോൺഗ്രസ് മുന്നിലെത്തിയെങ്കിലും 13 സീറ്റ് നേടിയ ബിജെപി മറ്റു പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ മന്ത്രിസഭയുണ്ടാക്കി. ഒരു വർഷത്തിനുള്ളിൽ എംഎൽഎമാരിൽ പലരും ബിജെപിയിലേക്കു ചേക്കേറിയതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 4 ആയി ചുരുങ്ങി.