അടൂർ: ഭരിക്കുന്നത് സിപിഎമ്മാണെങ്കിൽ ഒരു നിയമവും പാലിക്കേണ്ട എന്നതാണ് ഇപ്പോൾ കേരളത്തിലെ അലിഖിത നിയമം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയോ ഏരിയാ സെക്രട്ടറിയോ വിചാരിച്ചാൽ എന്തും നടത്താം. നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ഭരണത്തിന്റെ പിൻബലത്തോടെ സിപിഎം ഒരു സഹകരണ ബാങ്കിൽ നടത്തിയ നിയമനങ്ങൾക്കെതിരേ ചെറുവിരൽ പോലും അനക്കാൻ സഹകരണ വകുപ്പ് അധികൃതർ തയാറാകുന്നില്ല.

എന്തിനേറെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുമ്പോഴും അനധികൃത നിയമനം സംബന്ധിച്ച് ഓഡിറ്റ് തടസം വന്നിട്ടും അനധികൃതമായി നിയമിച്ചവരെ ജോലിയിൽ സ്ഥിരപ്പെടുത്തി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോവുകയാണ് സിപിഎം. എതിർശബ്ദങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നപ്പോൾ ഭീഷണി മുഴക്കി അവരെ നിശബ്ദരാക്കുകയും ചെയ്യുന്നു.

മണ്ണടി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3949 ലാണ് അനധികൃത നിയമനം നടന്നിരിക്കുന്നത്. വർഷങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കിൽ നിയമപ്രകാരമല്ല ഒരു കാര്യങ്ങളും നടക്കുന്നത്. സംസ്ഥാനമൊട്ടാകെ സഹകരണ ബാങ്കുകൾ സിപിഎം നേതാക്കൾക്ക് പണം അടിച്ചു മാറ്റാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കുന്നതിനിടെയാണ് മണ്ണടി ബാങ്കിൽ നിന്ന് അനധികൃത നിയമനത്തിന് എതിരേ പരാതി നൽകിയിരിക്കുന്നത്.
കൊല്ലം ജില്ലക്കാരായ രണ്ടു വനിതകളെയാണ് ചട്ടം മറി കടന്ന് എംപ്ലോയ്മെന്റ് മുഖേനെ ബാങ്കിൽ നിയമിച്ചത്.

പിന്നീട് ഇവർക്ക് സഹകരണ ചട്ടത്തിന് വിരുദ്ധമായി സ്ഥിരം നിയമനവും പ്രമോഷനും നൽകി. കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടു വനിതകളുടെ രജിസ്ട്രേഷൻ ഒരേ ദിവസം അടൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് മാറ്റുന്നു. പിന്നീട് യാതൊരു സീനിയോറിറ്റിയും പാലിക്കാതെ രണ്ടു പേരെയും മണ്ണടി ബാങ്കിൽ സീനിയർ ക്ലാർക്കായും ജൂനിയർ ക്ലാർക്കായും നിയമിച്ചു. കൊല്ലത്ത് നിന്ന് അടൂരിലേക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ മാറ്റിയത് ഇരുവരും വിവാഹം കഴിച്ച് അടൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിധിയിൽ സ്ഥിരതാമസമാക്കിയതു കൊണ്ടാണെന്ന കാരണം പറഞ്ഞാണ്.

എന്നാൽ, ഇങ്ങനെ രജിസ്ട്രേഷൻ മാറ്റിയാലും ഇവിടെയുള്ള അർഹരായവരുടെ സീനിയോറിറ്റിക്ക് മാറ്റം വരാൻ പാടില്ല. ഈ നിയമം മറികടന്നാണ് ഇരുവരെയും ബാങ്കിൽ നിയമിച്ചത്. ഇതിനെതിരേ കോൺഗ്രസ് നേതാ് മണ്ണടി മോഹനൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ തന്നെ രണ്ടു ജീവനക്കാരികളുടെയും നിയമനം ചട്ട പ്രകാരമല്ലെന്നും ഇവരെ പിരിച്ചു വിടണമെന്നും അതു വരെ നൽകിയ ശമ്പളം തിരിച്ചു പിടിക്കണമെന്നും ഓഡിറ്റ് നിർദ്ദേശം വന്നു.

ഈ നിർദ്ദേശം പാലിക്കുന്നതിന് പകരം ഈ രണ്ടു പേരെയും സ്ഥിരപ്പെടുത്തി സ്ഥാനക്കയറ്റം നൽകുകയാണുണ്ടായത്. ഇതിനെതിരേ കഴിഞ്ഞ വർഷം മണ്ണടി മോഹനൻ സഹകരണ വകുപ്പിന് പരാതി നൽകി. പരാതി പത്തനംതിട്ട ജെ.ആറിന് കൈമാറിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. പല തവണ പരാതിക്കാരൻ നേരിട്ട് ജെ.ആറിനെ കണ്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.

സിപിഎം ഏരിയാ സെക്രട്ടറി മുൻ കൈയെടുത്താണ് അനധികൃത നിയമനത്തിലൂടെ വന്നവരെ സ്ഥിരപ്പെടുത്തിയതെന്നും പരാതികൾ വന്നത് ജെആർ ഓഫീസിൽ പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. താൽക്കാലിക നിയമനവും സ്ഥാനക്കയറ്റം സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറിന്റെ പരസ്യമായ ലംഘനമാണ് മണ്ണടി ബാങ്കിലുണ്ടായിരിക്കുന്നത്.

മണ്ണടി മോഹനൻ കഴിഞ്ഞ വർഷം ജൂണിൽ നൽകിയ പരാതിയിന്മേൽ ഇതു വരെ ഒരു ചെറിയ അന്വേഷണം പോലും ഉണ്ടായിട്ടില്ല. അതിനിടെ ഏരിയാ നേതൃത്വത്തിന് വേണ്ടപ്പെട്ടവർ സ്ഥാനക്കയറ്റവും വാങ്ങി വിലസുകയാണ്. പരാതിയുമായി പോയ കോൺഗ്രസ് നേതാക്കൾക്കെതിരേ ഭീഷണിയും ഉയർന്നിട്ടുണ്ട്.