മാന്നാർ: നാലു ദിവസം മുൻപ് വിദേശത്ത് നിന്ന് വന്ന യുവതിയെ വീടാക്രമിച്ച് സ്വർണ കടത്തു സംഘം തട്ടിക്കൊണ്ടു പോയി. മാന്നാർ കുരട്ടിക്കാട് സ്വദേശി പഞ്ചായത്ത് ഓഫീസിന് സമീപം ബിനോയ് ഭവനിൽ ബിന്ദുവി(39)നെയാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടിന് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.

വിദേശത്ത് വന്ന ശേഷം കോവിഡ് നിരീക്ഷണത്തിലായിരുന്നു. വീട്ടുകാരെ ആക്രമിച്ചാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. ബിന്ദു വന്ന ദിവസം മുതൽ പുറമേ നിന്നുള്ള ഒരു സംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇവരിൽ ചിലർ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്ന ബിന്ദുവിന്റെ ഫോണും ബിന്ദുവിനെ തേടിയെത്തിയവരുടെ ചിത്രങ്ങളും പൊലീസിന് കൈമാറി.

സ്വർണ കടത്ത് സംഘത്തിന്റെ കുടിപ്പകയാണ് തട്ടിക്കൊണ്ടു പോകലിന് ആധാരമായിട്ടുള്ളത്. ബിന്ദു സ്വർണ കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചിരുന്നു. സംഘത്തെ കബളിപ്പിക്കാൻ നോക്കിയതിനാണ് തട്ടിക്കൊണ്ടു പോയത്.

തട്ടിക്കൊണ്ടു പോയവരെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഘത്തലവനുമായി പൊലീസ് ബന്ധപ്പെട്ടുവെന്നാണ് വിവരം. യുവതി എവിടെയാണുള്ളതെന്ന വിവരവും ഇവരിൽ നിന്ന് ലഭിച്ചിട്ടുള്ളതായി അറിയുന്നു. ബിന്ദുവിനെ പുലർച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുൻപാണ് ബിന്ദു ഗൾഫിൽ നിന്നും എത്തിയത്. ഗൾഫിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റാണ് ബിന്ദു.

ബിന്ദു വന്നതിനു പിന്നാലെ ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി. ബിന്ദുവിനെ നിരീക്ഷിക്കാൻ ചിലർ എത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. അവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. വീട്ടിലെത്തിയവർ സ്വർണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയിയും പറയുന്നു. സ്വർണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടർന്നു. ഏഴുവർഷമായി ബിന്ദുവും താനും ഗൾഫിലായിരുന്നു. എന്നാൽ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.

15 പേരടങ്ങിയ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് കുടുംബം പറയുന്നത്. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേർ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതിൽ പൊളിച്ച് അക്രമികൾ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു.