തിരുവനന്തപുരം: കോവിഡിനെത്തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾ മൂലം മൂന്ന്‌
വർഷക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ പുലർച്ചെ എത്തും.മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം അതിന്റെ പ്രൗഡി ഒട്ടും കുറയാതെ തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.ലാകമാകെ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. റിലീസ് ദിനത്തിൽ മാത്രം ആകെ 16000 പ്രദർശനങ്ങൾ നടക്കും.പുലർച്ചെ 12 മണിക്ക് ആദ്യഷോ ആരംഭിക്കും.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.കേരളത്തിൽ മാത്രം 631 തിയറ്ററുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തുക. മോഹൻലാൽ ഫാൻസ് ഒരാഴ്ച മുൻപ് ചാർട്ട് ചെയ്തിരുന്നത്അനുസരിച്ച് 600ൽ അധികം തിയറ്ററുകളിലാണ് ആരാധകർക്കായുള്ള പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാൻസ് ഷോകളുമുണ്ട്.

കേരളത്തിലെ 631 സ്‌ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്നാണ് മോഹൻലാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മരക്കാർ അറബിക്കടലിന്റെ സിംഹം ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈൻ. ഛായാഗ്രഹണം തിരു. എഡിറ്റിങ് അയ്യപ്പൻ നായർ എം എസ്. സംഘട്ടനം ത്യാഗരാജൻ, കസു നെഡ. ചമയം പട്ടണം റഷീദ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്.

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം
പോയവർഷം റിലീസിനെത്തേണ്ടതായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. തീയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഓടിടിയിലും പ്രദർശനത്തിനെത്തുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു.