'മക്കാറാക്കുക' എന്നൊരു പ്രയോഗമുണ്ട് മലബാറിൽ. കളിയാക്കുക, പരിഹസിക്കുക എന്നൊക്കെയാണ് തർജ്ജമ. ബ്രഹ്മാണ്ഡ ഹൈപ്പോടെ ഇറങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം കണ്ടപ്പോൾ, സംവിധായാകൻ പ്രിയദർശൻ, പുലർച്ചെ പന്ത്രണ്ട് മണിക്ക് ആട്ടവും പാട്ടവും തുടങ്ങിയ പാവം ഫാൻസുകാരെ മക്കാറാക്കിയ പോലെയാണ് തോന്നിയത്. കാരണം ഒരു പീരിയഡ്-വാർ മൂവിയുടെ യാതൊരു ഫീലും ചിത്രത്തിൽ നൽകാനാവുന്നില്ല. വെറും രണ്ടോ മൂന്നോ സ്ഥലത്തുമാത്രമാണ് പ്രേക്ഷകർക്ക് കൈയടിക്കാൻ കഴിയുന്നത്. ദുർബലമായ തിരക്കഥയും, പൊറാട്ട് നാടകം പോലെ വേഷം കെട്ടിയ കഥാപാത്രങ്ങളും, കരുത്തില്ലാത്ത സംഭാഷണങ്ങളുമൊക്കെയായി മലപോലെ വന്നത് എലിപോലെ ആയി. ബാഹുബലിയെ മറികടക്കും എന്നെതൊക്കെ വെറും തള്ളുകൾ മാത്രമാണ്. എന്നാൽ ട്രോളന്മാർ പഞ്ഞിക്കിടുന്നതുപോലെ അട്ടർ വേസ്റ്റ് സിനിമയൊന്നുമല്ല ഇത്. ഒറ്റത്തവണ കാണാവുന്ന ഒരു പ്രിയദർശൻ മൂവി, എന്ന മട്ടിൽ പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാത്തവർക്ക് മരക്കാർ ആസ്വദിക്കാൻ ആവും.

തള്ളിത്തള്ളി, പ്രതീക്ഷകൾ വാനോളം ആയിപ്പോയതാവും, ഒരുപക്ഷേ ഫാൻസിനുപോലും പടം പൂർണ്ണമായും പിടിക്കാത്തതിന്റെ കാരണം. ചിത്രത്തിന്റെ മികവ് കടൽ-കര യുദ്ധങ്ങളിൽ ഒതുങ്ങുകയാണ്. യുദ്ധമില്ലാത്ത സമയത്ത് അറബിക്കടലിലെ സിംഹം ആമയാവും! ചിത്രവും, കിലുക്കവുമൊക്കെയെടുത്ത ലാഘവബുദ്ധിയോടെയാണ് പ്രിയദർശൻ ഈ പടത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം ഒരു മൂവിക്ക് ടിക്കറ്റ് എടുക്കുന്ന ശരാശരി പ്രേക്ഷകൻ എന്താണ് പ്രതീക്ഷിക്കുക. കുറിക്കുകൊള്ളുന്ന തീപ്പൊരി ഡയലോഗുകൾ, കണ്ണുനിറയ്ക്കുന്ന വികാര രംഗങ്ങൾ, കിടിലൻ ആക്ഷൻ രംഗങ്ങൾ. ഇതിൽ അവസാനത്തേത് ഒഴിച്ച് ഒന്നും ചിത്രത്തിലില്ല. ഒന്ന് കൈയടിക്കാൻ ആദ്യ പകുതി അവസാനിക്കുന്ന കടൽ യുദ്ധം വരെപോകണം. മോഹൻലാൽ കുതിരപ്പുറത്ത് ചാടി വരുന്ന ആദ്യ സീനിൽ തന്നെയുണ്ട് വല്ലാത്ത കൃത്രിമത്വം. കായംകുളം കൊച്ചുണ്ണിയിലെ ലാലിന്റെ 'ഇത്തിക്കരപ്പക്കി' എത്ര ഉജ്ജ്വലമായിരുന്നു എന്നോർക്കണം. ഈ പടത്തിന് എങ്ങനെയാണ് കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കിട്ടിയത് എന്നതും എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല!

ഒന്നാം പ്രതി പ്രിയദർശൻ തന്നെ

മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന ഈ ചിത്രത്തെ, വെറും കണ്ടിരിക്കാവുന്ന ആവറേജ് ചിത്രമാക്കി മാറ്റിയതിൽ ഒന്നാം പ്രതി, രചനയും സംവിധാനവും നിർവഹിച്ച പ്രിയദർശൻ തന്നെയാണ്. ഏറ്റവും ചുരുങ്ങിയത് സംഭാഷണമെങ്കിലും പ്രിയന് പണി അറിയാവുന്ന ഒരാളെവെച്ച് ചെയ്യിക്കാമായിരുന്നു. 'കിളിച്ചുണ്ടൻ മാമ്പഴത്തിൽ' മുട്ടിന് മുട്ടിന് 'പക്കേങ്കിൽ' എന്നു പറയുന്ന വ്യാജ മലബാർ ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇവിടെ കാര്യങ്ങൾ അൽപ്പം ഭേദമായിട്ടുണ്ടെന്ന് മാത്രം. എന്നാൽ ഇത്തരം സിനിമകൾക്ക് വേണ്ട പഞ്ച് കിട്ടുന്ന രീതിയിൽ, പഴശ്ശിരാജയിലൊക്കെ എം ടി എഴുതിയപോലുള്ള, കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ അന്യമാണ്. ഒരു സഹപ്രവർത്തകൻ മരിച്ചപ്പോൾ 'ബെട്ടിയിട്ട ബാഴ കെടക്കുന്നതുപോലെ കണ്ടില്ലേ' എന്ന ലാലേട്ടന്റെ ഡയലോഗ് കേട്ട് ഫാൻസുകാർ പോലും കൂവിപ്പോവുകയാണ്. എന്നാൽ ക്ലൈമാക്സിനോട് അടുപ്പിച്ച് തനി നാടൻ ഭാഷയിൽ, കോട്ട പിടിക്കാൻ വന്ന പറങ്കി വൈസ്രോയിയോട് മരക്കാർ, ചെരക്കാൻ പറയുന്നിടത്താണ്, തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച പഴയ ഹൈവോൾട്ടേജ് ലാൽ മാജിക്ക് കടന്നുവരുന്നത്.

അതുപോലെ ഒരു എപ്പിക്ക് സിനിമക്ക് വേണ്ട രീതിയിലല്ല, ഒരു കുടുംബ കഥയും പ്രണയവുമൊക്കെയായി തന്റെ പതിവ് മസാല പാറ്റേണിലാണ് പ്രിയദർശൻ ഈ പടവും ഒരുക്കുന്നത്. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് എന്ന രീതിയിലായിപ്പോയി ഇത്. തേന്മാവിൻ കൊമ്പത്തിലെ ശോഭനയുടെ കുടം സ്റ്റെപ്പുകളിലൂടെ ചാടി ചാടി താഴേക്ക് ഉരുണ്ട് പോവുന്ന നമ്പറൊക്കെ ഇതിലുമുണ്ട്. ഒപ്പം പ്രണയവും ചതിയും. പ്രിയൻ പിണറായി വിജയന്റെ കഥയെടുത്താലും അത് പ്രണയ ചിത്രമായിപ്പോവും.

തിരക്കഥയിൽ പലപ്പോഴും ലോജിക്ക് കടന്നുവരുന്നില്ല. ക്ലൈമാക്സിനോടുപ്പിച്ച് മരക്കാർ എങ്ങനെ പറങ്കി സൈന്യത്തലവന്റെ റൂമിൽ എത്തിയെന്നൊന്നും ചോദിക്കരുത്. കടുത്ത ചരിത്ര നിഷേധവും ഇതിലുണ്ട്. സാമൂതിരി യുവരാജാവിനെ പരസ്യമായി മീറ്റിങ്ങിൽ വെച്ച്, പറങ്കിത്തലവൻ അടിച്ചുകൊല്ലുന്നതടക്കം. കുഞ്ഞാലി മരക്കാറുടെ ചരിത്രം കുട്ടികൾ പഠിക്കുന്നതാണെന്ന് ഓർക്കണം. വസ്ത്രാലങ്കാരവും ഗ്രാഫിക്‌സുമെല്ലാം കൃത്രിമത്വം നിറയുന്നതാണ്. സാബു സിറിളിനെ പോലുള്ള ഒരു പ്രതിഭയുണ്ടായിട്ടും, എല്ലാം സെറ്റിട്ടതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. സാമൂതിരിയുടെ കോട്ടയും കുഞ്ഞാലിയുടെ കോട്ടയും എല്ലാം അങ്ങനെ തന്നെ. ഗ്രാഫിക്സിന് പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശന് ദേശീയ പുരസ്‌ക്കാരം കിട്ടിയ ചിത്രമാണിത്. എന്നാൽ ദേശീയ പുരസ്‌ക്കാരം കിട്ടത്തക്ക രീതിയിൽ ഇതിന്റെ ഗ്രാഫിക്സ് നന്നായോ എന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ.

പ്രിയദർശൻ ചിത്രങ്ങളിൽ പതിവുപോലെ ക്യാമറയും, ഗാനങ്ങളും നന്നായിട്ടുണ്ട്. പല ഗാനങ്ങളും സന്ദർഭത്തിന് ചേരുന്നില്ലെങ്കിലും.

തിളങ്ങിയത് പ്രണവും, അർജുനും, ചൈനക്കാരനും

സാധാരണഗതിയിൽ ഏത് മോശം ചിത്രത്തിലും ലാലേട്ടന്റെ പ്രകടനം മോശമാവാറില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ, സിനിമക്ക് താഴെ ലാലിന്റെ പ്രകടനം വന്ന അവസരങ്ങൾ അത്യപൂർവമാണ്. മുമ്പ് 'കടത്തനാടൻ അമ്പാടി' എന്ന പ്രിയദർശൻ ചിത്രത്തിനാണ് സമാനമായ അവസ്ഥയുണ്ടായിരുന്നത്. പക്ഷേ ഈ വേഷം, രൂപം കൊണ്ടും ഭാവം കൊണ്ടും ഒട്ടും മോഹൻലാലിന് ചേരുന്നില്ല. ഇത്തരം ചരിത്ര കഥാപാത്രങ്ങളൊക്കെ ചെയ്യാൻ ബെസ്റ്റ് സാക്ഷാൽ മമ്മൂട്ടിയായിരുന്നു.



പുലിമുരുകനിലൊക്കെ അനായാസമായ ആക്ഷൻ രംഗങ്ങൾ ചെയ്ത, എന്നും ആൾക്കൂട്ടത്തെ ത്രസിപ്പിച്ചിരുന്ന ആ ലാൽ സ്റ്റെൽ, ഈ ചിത്രത്തിൽ കാണാനില്ല. അമിതമായ വണ്ണത്തിനൊപ്പം, താടിയും നീണ്ട മുടിയും കൂടി ചേർന്നതോടെ ആകെ അരോചകമായിപ്പോയി. ഒന്ന് തടികുറച്ചശേഷം ചെയ്യേണ്ട കഥാപാത്രമായിരുന്നു ഇത്. യുദ്ധശേഷം കപ്പലിൽ അമർന്ന് ഇരിക്കുന്ന മരക്കാറെ കാണുമ്പോൾ, അമിതവണ്ണം കാരണം ഇപ്പോൾ താഴേക്ക് വീഴുപോകുമോ എന്ന് തോന്നിപ്പോവും. കുതിരപ്പുറത്തിരുന്ന് ഡയലോഗ് പറയുമ്പോഴും അതേ അവസ്ഥ. സംഭാഷണത്തിന്റ കൃത്രിമത്വം പറയുകയും വേണ്ട. കിളിച്ചുണ്ടൻ മാമ്പഴത്തിലേക്കാൾ അൽപ്പം ഭേമാണെന്ന് പറയാം. ചിത്രത്തിൽ സിദ്ദീഖിന്റെ കഥാപാത്രമായ പട്ടുമരക്കാർ പറയുന്നപോയെ 'വെകിളി പിടിച്ച പോത്ത് പോലെ മുക്കറയിട്ട് പാഞ്ഞ്, ഇബിലീസിനെപോലെ അലറിവിളിച്ച്' മോഹൻലാൽ അങ്ങോട്ടുമിങ്ങോട്ടും നായിപ്പാച്ചിൽ പായുന്നുണ്ട്. ഒരു ഫീലും കിട്ടുന്നില്ല. യുദ്ധരംഗങ്ങളിലും ക്ലൈമാക്സിലും മാത്രമാണ് പഴയ ലാലിന്റെ ചില നിഴലാട്ടങ്ങൾ കാണാൻ കഴിയുന്നത്.

ഇന്നസെന്റും, മുകേഷും, നെടുമുടി വേണുവും, സുരേഷ് കുമാറും, അടക്കമുള്ള സഹതാരനിരക്ക് മൊത്തമുണ്ട് നാടക ശൈലിയും രാജാപ്പാർട്ട് വേഷവും. മാമുക്കോയ പോലും മോശമായി. ബഡായി ബംഗ്ലാവിൽനിന്ന് ഇറങ്ങി വന്ന പോലെയാണ് മുകേഷിന്റെ ഡയലോഗുകൾ. അൽപ്പം നാടക സ്വഭാവും ഉണ്ടെങ്കിലും ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചൻ മോശമായില്ല. നാലുവീപ്പകൾ ഒന്നിച്ച് കെട്ടിയാൽ തോനുന്ന പോലുള്ള ആനത്തടിയുമായി പ്രഭുവിന്റെ ബഫൂൺ വേഷം, സ്വന്തം പിതാവ് ശിവാജിയെ പറയിപ്പിക്കുന്നതായിപ്പോയി. മഞ്ജുവാര്യർ, ഒടിയനിൽ 'ഇത്തിരി കഞ്ഞി എടുക്കട്ടേ' എന്ന് ചോദിച്ച അതേ രൂപത്തിലും ഭാവത്തിലും ഇരിക്കയാണ്. കീർത്തി സുരേഷിന് അധികം ഒന്നും ചെയ്യാനുമില്ല. പക്ഷേ ഉള്ളത് മോശമാക്കിയിട്ടില്ല.

സിദ്ദീഖും തന്റെ എക്സ്പീരിയൻസുകൊണ്ട് ചിത്രത്തിന്റെ രാജപ്പാർട്ട് സ്വഭാവത്തെ മറികടക്കുന്നുണ്ട്. സുനിൽ ഷെട്ടിയെ ഹിന്ദിയിൽ നിന്ന് വിളിച്ചുവരുത്തിയെങ്കിലും, കാര്യമായി ഒന്നും ചെയ്യാനുള്ള സ്പേസ് പ്രിയദർശൻ കൊടുത്തിട്ടില്ല.

മൂന്നേ മൂന്ന് കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ നന്നായി എന്ന് പറയാൻ കഴിയുക. അതിൽ ഒന്ന് കുഞ്ഞാലിയുടെ ബാല്യം ചെയ്ത, പ്രണവ് മോഹൻലാലാണ്. ക്ലൈമാക്സിലെ മൊണ്ടാഷിനിടെയിലെ പ്രണവിന്റെ ആ മന്ദഹാസം മനസ്സിൽ കുളിരായി നിൽക്കുന്നു. ആരാധകരുടെ തള്ളലൊന്നും വേണ്ട പയ്യൻ കയറിവരും. കഴിവുള്ളവനാണ്. അതുപോലെ തമിഴ് നടൻ അർജ്ജുൻ. ശരിക്കും ഒരു യോദ്ധാവിന്റെ ഫിസിക്കാണ് അർജ്ജുന് ഉള്ളത്. പക്ഷേ ഈ കഥാപാത്രവും അധികം ഇല്ല. പക്ഷേ ചിത്രത്തിൽ പ്രേക്ഷകരുടെ കൈയടി കിട്ടുന്ന ഒരേ ഒരു കഥാപാത്രം കുഞ്ഞാലിയുടെ സന്തത സഹചാരിയായ ആ ചൈനാക്കാരനാണ്. അത് പ്രേക്ഷകർ കണ്ടുതന്നെ അറിയുക.

അവസാനമായി പറയട്ടെ, വല്ലാത്തെ ഒരു ചെയ്ത്തായിപ്പോയി ഇത്തരം വിഡ്ഡിവേഷം കെട്ടിച്ചുകൊണ്ട് ലാലിനുനേരെ പ്രിയദർശൻ ചെയ്തത്. ഇത്രയും കടത്തിപ്പറയുന്നത്, പ്രിയനോടോ ലാലിനോടോ ഉള്ള എന്തെങ്കിലും വിരോധം കൊണ്ടല്ല. സ്നേഹം കൊണ്ടുമാത്രമാണ്. കാരണം മോഹൻലാൽ എന്ന് പറയുന്നത് ഇന്ന് മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ബ്രാൻഡ് അംബാസഡറാണ്. ദൃശ്യം ഒന്നിന്റെയും രണ്ടിന്റെയും വിജയത്തിനുശേഷം ചൈനയിലും, മലേഷ്യയിലും, സിങ്കപ്പൂരിലും, എന്തിന് അമേരിക്കയിൽപോലും മലയാള സിനിമയുടെ വിപണി വളർന്നിരിക്കയാണ്. മോഹൻലാൽ പിറകോട്ട് അടിക്കുക എന്ന് പറഞ്ഞാൽ അത് ഫലത്തിൽ മലയാള ചലച്ചിത്ര വിപണിയെ തന്നെയാണ് ബാധിക്കുന്നത്. ലൈറ്റ്ബോയ് തൊട്ട് തീയേറ്ററിൽ ടിക്കറ്റ് കീറുന്നവർ തൊട്ടുള്ള പതിനായിരങ്ങൾ ജീവിക്കുന്ന ഒരു വിപണിയാണിതെന്ന് ഓർക്കണം.

പക്ഷേ ഒന്നുകൂടി പറയട്ടെ, ട്രോളന്മാാർ എന്തോ വൈരാഗ്യം തീർക്കാനെന്നപോലെ വിമർശിക്കുന്നപോലെ നാടുകടത്തേണ്ട ചിത്രവുമല്ല. ഒറ്റത്തവണ കണ്ടിരിക്കാം.

വാൽക്കഷ്ണം: എന്തൊക്കെയായാലും ഈ ചിത്രത്തിലെ എന്നുമാത്രമല്ല മലയാള ചലച്ചിത്ര ലോകത്തെ തന്നെ ഇപ്പോഴത്തെ താരം ആന്റണി പെരുമ്പാവുർ ആണ്. നൂറുരൂപ മൂല്യമുള്ള ഒരു സാധനത്തെ ലക്ഷങ്ങൾക്ക്, വിൽക്കാൻ കഴിയുന്നയാൾ തീർച്ചയായും നല്ല കച്ചവടക്കാരൻ തന്നെയാണ്.'കാലാപാനി' എന്ന ലോക നിലവാരമുള്ള സിനിമയെ മാർക്കറ്റ് ചെയ്യാനും ലാഭത്തിലാക്കാനും അതിന്റെ നിർമ്മാതാക്കളായ മോഹൻലാലിനും ഗുഡ്നൈറ്റ് മോഹനും കഴിഞ്ഞില്ല. എന്നാൽ മരക്കാറിനെ നോക്കുക, അതിനെ ആന്റണി പെരുമ്പാവൂർ ഏത് രീതിയിൽ മാർക്കറ്റ് ചെയ്തു. മൂൻകൂർ ബുക്കിങ്ങിലൂടെ മാത്രം ചിത്രം നൂറുകോടി ക്ലബിലെത്തി. മോഹൻലാലല്ല ആന്റണി തന്നെയാണ് മരക്കാറിലെ താരം.