കോതമംഗലം: ചേരയെ തല്ലിക്കൊന്ന് കറി വയ്ക്കുകയും മദ്യപിക്കുവാൻ പണം കണ്ടെത്താൻ ഇത് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വിൽക്കാൻ ശ്രമിക്കുകയും ചെയ്ത നിരവധികേസ്സുകളിലെ പ്രതിയെ വനംവകുപ്പധികൃതർ പിടികൂടി.മരപ്പട്ടി ബിജു എന്ന പേരിൽ അറിയപ്പെടുന്ന നേര്യമംഗലം വടക്കേപറമ്പിൽ ബിജു (35)വിനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെയും കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിലെയും ജീവനക്കാർ ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

വീട്ട് വളപ്പിലെത്തിയ വലിയ ചേരയെ പിടികൂടിയ ശേഷം ചേരെയ വീട്ടിൽ വച്ച് തന്നെ ഇയാൾ കൊന്ന് കറിവയ്ക്കുകയും വറക്കുകയുമായിരുന്നു. മദ്യപാനത്തിന് ടച്ചിങ്‌സായിട്ടാണ് ഇയാൾ ചേരയെ തിന്നത്. എന്നാല് മദ്യപിക്കാൻ പണം തികയാതെ വന്നപ്പോൾ പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വിൽപന നടത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കുന്നത്.

കറി വയ്ച്ചതും വറത്തതുമായ നിലയിൽ ചേരയുടെ മാംസവും തുകൽ, തല , വാൽ, പണ്ടം, തുടങ്ങിയ ശരീരഭാഗങ്ങളും ഇയാളുടെ വീട്ടിൽ നിന്നും അധികൃതർ കണ്ടെടുത്തിട്ടുണ്ട്. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ട് -പാർട്ട് രണ്ടിൽ സംരക്ഷിത ഉരഗമാണ് ചേര. വന്യജീവി നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ തൊണ്ടി തടി മോഷണം പോയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസിലും മറ്റ് നിരവധി ക്രിമിനൽ കേസുകളിലും ബിജു പ്രതിയാണെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.ഡെപ്യൂട്ടി റെയിഞ്ചോഫീസർ ജി ജി സന്തോഷ്,എസ് എഫ് ഒ അനിൽ ഘോഷ് ,ബി എഫ് ഒ മാരായ പി എൻ ജയൻ,കെ പി മൂജീബ്,കെ എം അലിക്കുഞ്ഞ്, ഷിബു എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥസംഘം കേസന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നൽകി.