കൊഴിഞ്ഞാമ്പാറ: വിവാഹ തട്ടിപ്പു സംഘങ്ങൾ പെരുകുന്ന നാട്ടിൽ നിന്നും മറ്റൊരു തട്ടിപ്പു കൂടി. വിവാഹത്തിന്റെ മറവിൽ സംഘടിതമായി തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്. പെണ്ണുകാണാൻ വിളിച്ചുവരുത്തി യുവതിയെ കാട്ടിക്കൊടുത്തശേഷം വിവാഹത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ.

തൃശ്ശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടിൽ എൻ. സുനിൽ (40), പാലക്കാട് കേരളശ്ശേരി മണ്ണാൻപറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി. കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കൽ വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ സജിത (32), കാവിൽപ്പാട് ദേവീനിവാസിൽ ദാമോദരന്റെ ഭാര്യ ദേവി (60), കാവശ്ശേരി ചുണ്ടക്കാട് അബ്ദുൾകരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചനക്ഷണിച്ച തമിഴ്‌നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനെ (38) സംഘം ഗോപാലപുരം അതിർത്തിയിലെ അമ്പലത്തിലേക്ക് വിളിച്ചുവരുത്തി. സജിതയെ കാണിച്ച് പെണ്ണിന്റെ അമ്മയ്ക്ക് അസുഖമായതിനാൽ ഇന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു. ഗോപാലപുരത്തെ ആളൊഴിഞ്ഞ അമ്പലത്തിൽ വിവാഹം നടത്തുകയും ചെയ്തു.

ആദ്യവിവാഹബന്ധം വേർപെട്ട് രണ്ടാംവിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മണികണ്ഠൻ. ഇക്കാര്യം അറിഞ്ഞു അടുത്തുകൂടിയ സംഘം ആസൂത്രിതമായി തട്ടിപ്പു പ്ലാൻ ചെയ്യുകയായിരുന്നു. വിവാഹച്ചെലവ്, ബ്രോക്കർ കമ്മിഷൻ എന്നിവയിനത്തിൽ ഒന്നരലക്ഷംരൂപ സംഘം കൈപ്പറ്റുകയും ചെയ്തു. വിവാഹംകഴിഞ്ഞ അന്നുതന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി.

അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നുപറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി. പിന്നീട് ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെവന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അന്വേഷണത്തിൽ അത്തരത്തിൽ ആരുംതന്നെ ഈ പ്രദേശത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.

പന്തികേടുതോന്നി ഡിസംബർ 21-ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, കൊഴിഞ്ഞാമ്പാറ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്. സമാന രീതിയിൽ അമ്പതോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർ എം. ശശിധരന്റെ നേതൃത്വത്തിൽ എസ്‌ഐ. വി. ജയപ്രസാദ്, എഎസ്ഐ. സി.എം. കൃഷ്ണദാസ്, സീനിയർ സിവിൽപൊലീസ് ഓഫീസർമാരായ ആർ. വിനോദ് കുമാർ, എ. മണികണ്ഠൻ, സിവിൽപൊലീസ് ഓഫീസർ എസ്. പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.