കോഴിക്കോട്: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും മുങ്ങിയ കഞ്ചാവ് കേസിലെ പ്രതിയെ പൊന്നാനിയിൽ നിന്നും പിടികൂടി. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയിൽ മുഹമ്മദ് ഷെരീഫാണ്് പിടിയിലായത്.

മുഹമ്മദ് സരീഷ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നുണ്ട്. ഈ മാസം മൂന്നാം തിയ്യതിയാണ് ഷെരീഫിനെയും കൂട്ടുപ്രതിയായ ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹർഷാദിനെയും പൊലീസ് പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരെയും കഴിഞ്ഞ മൂന്നിന് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും 4.2 കിലോഗ്രാ കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ വീഡിയോ കോൺഫ്രൻസ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടിയിരുന്നു.

പൊലീസ് സ്റ്റേഷനകത്ത് ഇരുട്ടായതിനാൽ വീഡിയോ കോൺഫ്രൻസിൽ പങ്കെടുപ്പിക്കാനായി പൊലീസ് സ്റ്റേഷന് പുറത്ത് വെളിച്ചമുള്ള ഭാഗത്തേക്ക് പ്രതികളെ കൊണ്ടുവന്നപ്പോൾ പൊലീസുകാരെ അക്രമിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതിയായ ഹർഷാദിനെ പൊലീസ് മണിക്കൂറുകൾക്കകം തന്നെ പിടികൂടിയെങ്കിലും ഷെരീഫിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. രക്ഷപ്പെട്ട ദിവസം രാത്രി മുഴുവൻ ബാലുശ്ശേരിയിലെ ആളൊഴിഞ്ഞ ഒരു വീടിന്റെ ടെറസ്സിൽ കഴിച്ചുകൂട്ടി.

അടുത്ത ദിവസം രാവിലെ പേരാമ്പ്രയിലെ വീട്ടിലെത്തി വ്സത്രങ്ങളും മറ്റു അവശ്യ വസ്തുക്കളുമെടുത്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് തൃശൂർ, കുന്നംകുളം,ഗുരുവായൂർ എന്നിവിടങ്ങളില്ലെ കറങ്ങി ഇന്നലെയാണ് പൊന്നാനിയിൽ എത്തിയത്. പൊന്നാനിയിലെ ഒരു മതസ്ഥാപനത്തിൽ താമസിക്കുന്ന കാമുകിയെ കാണാനാണ് ഷെരീഫ് പൊന്നാനിയിലെത്തിയത്. ഷെരീഫ് പൊന്നാനിയിലെത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പൊലീസും ബാലുശ്ശേരി പൊലീസും പൊന്നാനിയിൽ കാത്തുനിന്നു.

പൊന്നാനിയിലെ മതസ്ഥാപനത്തിൽ കാമുകിയെ കാണാൻ എത്തിയ ഷെരീഫിനെ പൊലീസ് പിടികൂടുകയായിരുന്നു. എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായിട്ടുള്ള ഷെരീഫ്. നേരത്തെ കാക്കനാട് ജയിലിൽ ലഹരികടത്തിന് റിമാന്റിൽ കഴിയുമ്പോൾ പരിചയപ്പെട്ടവരുമായി ചേർന്ന് ലഹരി സംഘം വിപൂലീകരിക്കാനുള്ള പദ്ധതിയിലായിരുന്നു ഷെരീഫ്. ഡിവൈഎസ്‌പി ഇ.പി.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

എസ്ഐ മധു മൂത്തേടത്ത്, എഎസ്ഐമാരായ കെ.സി.പൃഥ്വിരാജ്, സജീവ് കുമാർ, എ.കെ.റഷീദ്, ഡ്രൈവർ ഗണേശൻ എന്നിവരടങ്ങിയ സംഘമാണ് പൊന്നാനിയിൽ നിന്നും ഷെരീഫിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.