മലപ്പുറം: പച്ചക്കറിലോറി ലോഡിൽ കഞ്ചാവു ഒളിപ്പിച്ച് വൻതോതിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ മൂന്നുപേർ പത്തുകിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ പിടിയിൽ. ഇതരസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് വൻതോതിൽ കഞ്ചാവ് അട്ടപ്പാടി, മണ്ണാർക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്ന സംഘമാണ് പിടിയിലായത്.

ഈ സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി കെ.എം.ദേവസ്യ, ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് 10.450 കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദാലി (37), കലകപ്പാറ മുഹമ്മദ് ഷബീർ(28), തീയ്യത്താളൻ അക്‌ബറലി (31) എന്നിവരെ പെരിന്തൽമണ്ണ ബൈപ്പാസിൽ വച്ച് പെരിന്തൽമണ്ണ എസ്‌ഐ. ബി.പ്രമോദും സംഘവും ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്.

ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും കിലോഗ്രാമിന് 1500-2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്രത്യേക ഏജന്റുമാർ മുഖേന ചരക്ക് ലോറികളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെ ജില്ലാ അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കിലോഗ്രാമിന് 15000-20000 രുപ വിലയിട്ട് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് ബൈക്കിലും കാറിലുമായി എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇന്നലെ പിടിയിലായത്. സംഘത്തിലെ മറ്റുള്ളവരെകുറിച്ച് വിവരം ലഭിച്ചതായും അവരെ നിരിക്ഷിച്ച് വരികയാണെന്നും ഡി.വൈ.എസ്‌പി കെ.എം.ദേവസ്യ അറിയിച്ചു. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിദാനന്ദന്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ജില്ലാപൊലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്‌ഐ ബി.പ്രമോദ്, ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡിലെ
സി.പി.മുരളീധരൻ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, എഎസ്ഐമാരായ സുകുമാരൻ, ബൈജു, സീനിയർ സി.പി.ഒ മുഹമ്മദ് ഫൈസൽ, നാസർ, പ്രബുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.