തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കഞ്ചാവ് മാഫിയക്ക് വൻതോതിൽ കഞ്ചാവെത്തിച്ചു നൽകുന്ന ആന്ധ്രാ മൊത്ത വ്യാപാരിയെ ഇരുമ്പഴിക്കുള്ളിലിട്ട് വിചാരണ നടത്താൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. അന്ത: സംസ്ഥാന കഞ്ചാവ് മൊത്ത വ്യാപാരി ആന്ധ്രാ പ്രദേശ് നരസിപ്പട്ടണം സ്വദേശി സത്യ അപുൽനായിഡു (39) നെയാണ് കൽ തുറുങ്കുലിട്ട് വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടത്.

2018 സെപ്റ്റംബർ 25 മുതൽ തടവറക്കുള്ളിൽ റിമാന്റിൽ കഴിയുന്ന നായിഡുവിന്റെ ജാമ്യ ഹർജികൾ 3 തവണ കോടതി തള്ളി. വിചാരണ തീരും വരെ പ്രതി പുറം ലോകം കാണേണ്ടന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. സിറ്റി ഷാഡോ പൊലീസ് കഞ്ചാവ് മൊത്തക്കച്ചവടക്കാരായി ചമഞ്ഞ് 25 കിലോ കഞ്ചാവുമായി നായിഡുവിനെ കെണിയൊരുക്കി തലസ്ഥാനത്തു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂട്ടു പ്രതിക്കെതിരെയുള്ള തുടരന്വേഷണ അന്തിമ റിപ്പോർട്ട് ജൂലൈ 15 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

2018 സെപ്റ്റംബർ 25 നാണ് കേസിനാധാരമായ സംഭവം നടന്നത്. തലസ്ഥാന ജില്ലയിൽ കഞ്ചാവ് മൊത്ത കച്ചവടക്കാർക്ക് മൊത്തമായി കഞ്ചാവെത്തിക്കുന്ന ആന്ധ്രാ സംഘത്തിലെ പ്രധാനിയാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. 2018 കാലഘട്ടത്തിൽ പിടികൂടിയ കഞ്ചവ് കച്ചവടക്കാരിൽ നിന്നും ആന്ധ്രയിൽ നിന്ന് തുശ്ചമായ വിലക്ക് കഞ്ചാവ് തലസ്ഥാനത്തെ മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്ന ആന്ധ്രാ - തമിഴ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു.

തുടർന്ന് ഷാഡോ സംഘം നായിഡുവിനെ ബന്ധപ്പെട്ട് 25 കിലോ കഞ്ചാവ് ആവശ്യപ്പെട്ടു. അപ്രകാരം കഞ്ചാവ് കൈമാറുന്നതിനായി പൂന്തുറ ഭാഗത്ത് എത്തിയ സമയത്താണ് ഷാഡോ പൊലീസ് ഇയാളെ കുടുക്കിയത്. 2018 ഡിസംബർ 1 ന് കുറ്റപത്രം സമർപ്പിച്ചു. 2018 ഡിസംബർ 22 , 2020 ഓഗസ്റ്റ് 20 , 2021 ജനുവരി 20 എന്നീ തീയതികളിലായി നായിഡു സമർപ്പിച്ച 3 ജാമ്യ ഹർജികളാണ് കോടതി തള്ളിയത്.