തിരുവനന്തപുരം: പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പോയ ദീപക് ധർമ്മടം. പാസ്‌പോർട്ടിൽ ഇസിഎൻആർ അടിക്കാനും വ്യാജ സർട്ടിഫിക്കറ്റ് നൽകി. ഈ ആരോപണങ്ങളിൽ എല്ലാ തെളിവും ഉണ്ടായിട്ടും കേസെടുക്കാനോ അന്വേഷണത്തിനോ പൊലീസ് തയ്യാറല്ല. വ്യാജ ചെമ്പോലയിൽ വാർത്ത നൽകിയ ട്വന്റി ഫോറിനെതിരെ പേരു വച്ച് പരാതി നൽകിയിട്ടും കേസില്ല. ചെമ്പോല വ്യാജമാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ച കേസാണ്. മുട്ടിൽ മരം മുറിയിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ റിപ്പോർട്ടിലുള്ള ദീപക് ധർമ്മടത്തിനെതിരെ പൊലീസ് അന്വേഷണവുമില്ല. പീഡനാരോപണവുമായി വനിതാ മാധ്യമ പ്രവർത്തക ഭർത്താവിനെതിരെ തെളിവ് സഹിതം നൽകിയും കാര്യമായെടുക്കില്ല. എസ് വി പ്രദീപിന്റേത് സാധാരണ അപകട മരണവുമാക്കും. ഇതെല്ലാം ചെയ്യുന്ന കേരളാ പൊലീസ് മറുനാടൻ മലയാളിക്ക് പിന്നാലെയാണ് ഇപ്പോൾ. എങ്ങനേയും കള്ളക്കേസിൽ തളയ്ക്കാൻ തെളിവുണ്ടാക്കാനുള്ള ശ്രമം.

അടൂർ സിപിഎം ഏര്യാ സെക്രട്ടറി മനോജിന്റെ ഭീഷണിപ്പെടുത്തി പണം ചോദിച്ചുവെന്ന കള്ളപരാതിയിൽ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ് പി നടത്തുന്നത് അതിവേഗ ഇടപെടലാണ്. പുതുതായി ഈ ഉദ്യോഗസ്ഥനെ ഈ തസ്തികയിൽ എത്തിച്ചതു തന്നെ മറുനാടനെ കേസിൽ കുടുക്കി പീഡിപ്പിക്കാനാണ്. അടൂരിലെ മറ്റൊരു മാധ്യമ പ്രവർത്തകനും ഈ കേസിൽ പ്രതിയാണ്. ഒരു ഫോൺ നമ്പറിൽ നിന്നും മറുനാടൻ മലയാളിയിലെ ഷാജൻ സ്‌കറിയെ തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് മനോജിന്റെ വ്യാജ പരാതി. ഇങ്ങനെ ഒരു ഫോൺ പോയിട്ടില്ലെന്ന് പൊലീസിന് തന്നെ അറിയാം. അതുകൊണ്ട് തന്നെ അടൂരിലെ മാധ്യമ പ്രവർത്തകനെ കൊണ്ട് അടൂർ ഏര്യാ സെക്രട്ടറിയെ വിളിച്ച് ഭീഷണിപ്പെടുത്താൻ ഷാജൻ സ്‌കറിയ ശ്രമിച്ചെന്ന് മൊഴി ഉണ്ടാക്കാനാണ് ശ്രമം. അടൂരിലെ പത്രലേഖകനെ വിളിച്ച് ഡിവൈഎസ്‌പി തന്നെ മാധ്യമ പ്രവർത്തകനോട് മറുനാടനെതിരെ മൊഴി കൊടുക്കാൻ ഉപദേശ ഭീഷണി നൽകിയെന്നതാണ് വസ്തുത.

ടിഎൻ പ്രതാപന്റെ ഗൾഫിലെ വീഡിയോ വൈറലായി. ഈ വീഡിയോ ഉപയോഗിച്ച് തന്നെ മദ്യപാനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന പരാതി ചീഫ് സെക്രട്ടറിക്ക് പ്രതാപൻ നൽകി. ഇതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ ഉപയോഗിച്ച് പ്രതാപന്റെ നിലപാടുകൾക്കെതിരെ മറുനാടൻ വീഡിയോ ചെയ്തത്. എന്നാൽ വ്യാജമായി മറുനാടൻ ആണിത് നിർമ്മിച്ചതെന്ന തരത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതാപന്റെ മാനനഷ്ടത്തിൽ പൊലീസിന് കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തെറ്റായ വകുപ്പുകൾ കൂട്ടിച്ചേർത്ത്. അതിനിടെ ഈ വീഡിയോ മറുനാടൻ വ്യാജമായി നിർമ്മിച്ചതാണെന്ന് വരുത്താൻ ഒരു ചാനൽ ഉടമയും ശ്രമം നടത്തുന്നുണ്ട്. ഇങ്ങനെ മൊഴിയുണ്ടാക്കി കേസ് കടുപ്പിക്കണമെന്ന ഉപദേശം ചാനൽ ഉടമ തന്നെ പലർക്കും നൽകുന്നുണ്ട്. പിണറായി പൊലീസിന് മറുനാടനോടുള്ള പക മനസ്സിലാക്കിയാണ് ഈ ഇടപെടൽ.

വ്യാജ സർട്ടിഫിക്കറ്റുകാരനായ ദീപക് ധർമ്മടത്തെ കേസുകളിൽ കുടുങ്ങാൻ അനുവദിക്കാതെ സംരക്ഷിക്കുന്ന അതേ സംവിധാനം തന്നെയാണ് മറുനാടനെ കുടുക്കാനും ശ്രമിക്കുന്നത്. എല്ലാ കേസുകളും ഏറ്റെടുക്കാനാണ് മറുനാടന്റെ തീരുമാനം. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും തുറന്നു കാട്ടും. രണ്ടു കള്ളകേസുകൾക്കെതിരേയും യുക്തമായ നിയമ നടപടി തുടരും. ഇതിനൊപ്പം വ്യാജ സർട്ടിഫിക്കറ്റിലും മറ്റും സത്യം ബോധ്യപ്പെടുത്തുന്ന ഇടപെടലുകളും തുടരും. ഗുരുവായൂർ പീഡനം അടക്കമുള്ള വിഷയങ്ങളിൽ കേസൊതുക്കാൻ മുന്നിൽ നിന്നവരെ തുറന്നു കാട്ടുകയും ചെയ്യും. ഇതിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് മറുനാടൻ. ടിഎൻ പ്രതാപന്റെ പരാതിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖൻ സുവർണ്ണാവസരമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ നേതാവായതു കൊണ്ട് തന്നെ ഈ പരാതിയിൽ മറുനാടനെ പൂട്ടുമെന്ന് ഈ പ്രമുഖൻ വീമ്പും പറയുന്നുണ്ട്.

തൃശൂർ എംപി ടിഎൻ പ്രതാപന്റെ പരാതിയിൽ മറുനാടൻ മലയാളിക്കെതിരെ പൊലീസ് കേസെടുത്തത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റായ വകുപ്പുകൾ ചേർത്താണ്. പ്രതാപന് മാനനഷ്ടമുണ്ടായി എന്ന കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന തിരിച്ചറിവിലാണ് ഈ ഇടപെടൽ. പ്രതാപനെതിരെ വ്യാജരേഖയുണ്ടാക്കി എന്ന കുറ്റമാണ് മറുനാടന് മേൽ ആരോപിക്കുന്നത്. ഇന്ത്യൻ പൊലീസ് ആക്ടിലെ 465, 469 വകുപ്പുകൾ പ്രകാരമാണ് കേസ്. കെപി ആക്ടിലെ 120(ഒ) വകുപ്പും ചുമത്തിയിട്ടുണ്ട്. എല്ലാം ജാമ്യമമുള്ള വകുപ്പുകളാണ്. തൃശൂർ സിറ്റിയിൽ പ്രവർത്തിക്കുന്ന മറുനാടൻ മലയാളി എന്ന അഡ്രസാണ് എഫ് ഐ ആറിലുള്ളത്. ഷാജൻ സക്കറിയുടെ വയസ്സ് 45ഉം. ഈ പ്രാഥമിക വിവരങ്ങളും തെറ്റാണ്. ഐപിസിയിലെ 465 വ്യാജ രേഖകൾ ചമയ്ക്കുന്നതിന് എതിരെയുള്ള വകുപ്പാണ്. ഐപിസി 469ഉം ഇലക്ട്രോണിക്ക് മാധ്യമം ഉപയോഗിച്ചുള്ള വ്യാജ രേഖയുണ്ടാക്കലാണ്. കെപി ആക്ടിലെ 120(ഒ) വകുപ്പ് മറ്റൊരാൾക്ക് ശല്യം ഉണ്ടാക്കുന്ന കുറ്റകൃത്യത്തിന് ചുമത്തുന്നതാണ്.

പ്രതാപനുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ചീഫ് സെക്രട്ടറിയെന്ന പേരിൽ ഹോം സെക്രട്ടറിക്ക് പരാതിയും നൽകി. ഇതിൽ ഇത്തരത്തിലൊരു വീഡിയോ ഉണ്ടെന്നും പ്രതാപൻ തന്നെ പറഞ്ഞിരുന്നു. ഈ പരാതിക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോ ഉപയോഗിച്ച് വിശകലനങ്ങൾ മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനലിൽ എത്തിയത്. ഇതിൽ കേസെടുക്കാൻ പൊലീസിന് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് വ്യാജ രേഖ നിർമ്മാണം എന്ന തരത്തിലെ കുറ്റാരോപണം എഫ് ഐ ആറിൽ എത്തുന്നത്.

ഇന്ത്യൻ പാർമെന്റ് മെമ്പറായ ആവലാതിക്കാരനെ പൊതു സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കണമെന്നും സൽപേരിന് കളങ്കം വരുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രവർത്തിച്ചുവെന്നാണ് എഫ് ഐ ആറിലെ ആരോപണം. ആവലാതിക്കാരന്റെ തൃശൂർ ഓഫീസിന് കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി കെയർ എന്ന ജീവകാരുണ്യ പരിപാടിയുടെ ദുബായിലുള്ള പ്രവർത്തകരുടെ അൽക്യൂസെസ് എന്ന സ്ഥലത്തെ അൽ-മിക്വാദിൽ അതിഥിയായി പങ്കെടുത്ത ആവലാതിക്കാരൻ ഇടെപഴകുന്നതിന്റെ വീഡിയോ മറുനാടൻ മലയാളി എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ഷാജൻ സ്‌ക്കറിയ എന്നയാൾ എങ്ങനെയോ കൈക്കലാക്കിയെന്നും കുറ്റപ്പെടുത്തുന്നു.

ടി വീഡിയോയിൽ 'നാണമില്ലേ മിസ്റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ' എന്ന തലക്കെട്ടോടെ വീഡിയോയിൽ കൃത്രിമത്വം കാണിച്ചും വക്രീകരിച്ചും അവാലാതിക്കാരനെ മദ്യപനായും ചിത്രീകരിച്ച് വ്യജമായി പ്രതിയുടെ യുട്യൂബ് ചാനലിൽ പൊതു ജനമധ്യത്തിൽ പ്രദർശിപ്പിച്ച് ആവലാതിക്കാരന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നതിന് ഇടയായ കാര്യം-ഇതാണ് എഫ് ഐ ആറിലെ കുറ്റാരോപണം. വീഡിയോ മറുനാടൻ മലയാളി എങ്ങനേയോ കൈക്കലാക്കിയെന്ന് പറയുകയും വ്യാജ രേഖ ചമച്ചതിന് കേസെടുക്കുകയും ചെയ്യുന്നതോടെ എഫ് ഐ ആറിൽ തന്നെ രണ്ട് നിലപാടുകൾ എത്തുകയാണ്. കോൺഗ്രസ് എംപിയായ പ്രതാപന് വേണ്ടി ചില ഉന്നതരുടെ ഇടപെടൽ കേസെടുക്കലിന് പിന്നിൽ ഉണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.