ആലപ്പുഴ: കാമുകിയുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും വ്യാജ വാറ്റ് നിർമ്മാണവും നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 29-നു തഴക്കരയിൽ 29 കിലോ കഞ്ചാവും വാറ്റ് ചാരായവും അനൂബന്ധ സാധനങ്ങളും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40)യാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടിയത്. മാവേലിക്കര പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എ.സി.പി.യുടെയും കളമശ്ശേരി ഇൻസ്പെക്ടറുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ തടഞ്ഞുവെച്ചു. തുടർന്നു മാവേലിക്കര എസ്‌ഐ. അംശുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനു കൈമാറുകയായിരുന്നു.

ആസ്റ്റർ മെഡിസിറ്റിയിൽ ഇയാൾ എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ മാവേലിക്കര പൊലീസ് ഇവിടം കേന്ദ്രീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര പൊലീസ് വിവരം കൊച്ചി പൊലീസിന് കൈമാറി. നാളുകളായി പൊലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളുമായി നടക്കുന്ന ലിജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. കായംകുളത്ത് ശർക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും കൊറ്റുകുളങ്ങര ബോംബേറ്, അടുത്തിടെ കായംകുളത്തെ രാഷ്ട്രീയ പ്രവർത്തകനെ വെട്ടിയ കേസ് തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. എപ്പോഴും ഗുണ്ടാ സംഘങ്ങൾക്കൊപ്പമാണ് നടപ്പ്. മിക്ക സമയത്തും കയ്യിൽ വടിവാളോ കത്തിയോ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കാണും. മാവേലിക്കര നഗരത്തിൽ വടിവാളുമായി ഇറങ്ങി നാട്ടുകാരെ ഭീതിപ്പെടുത്തുന്നത് പതിവാണ്. ഏതെങ്കിലും കേസിൽപെട്ടാൽ രാഷ്ട്രീയ ഉന്നതർ പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നത് സ്ഥിരം പരിപാടിയാണ്. എന്തു ചെയ്യാനും മടിയില്ലാത്ത ഇയാളെ തൊടാൻ പൊലീസുകാർക്കും പേടിയാണ്.

ഇതിനിടയിലാണ് ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടിൽ കഴിഞ്ഞ ഡിസംബറിൽ പൊലീസ് റെയ്ഡ് നടത്തിയത്. അപ്രതീക്ഷിതമായി പൊലീസ് വീട് വളഞ്ഞതോടെ ഇയാൾ ഉപയോഗിച്ചിരുന്ന സ്‌ക്കോഡാ ഒക്ടാവിയ വാഹനം അവിടെ തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസ് വീട്ടിനുള്ളിൽ പരിശോധനയ്ക്ക് കയറുമ്പോൾ നിമ്മിക്കൊപ്പും എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾ ഉണ്ടായിരുന്നു. ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടികളെ സുരക്ഷിതമായി ഏൽപ്പിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാൻസുമാണ് പൊലീസ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുണ്ടാ പ്രവർത്തനത്തിനൊപ്പം ലഹരി കച്ചവടവുമായിരുന്നു നിമ്മിയുമായി ചേർന്ന് നടത്തിയിരുന്നത്. സ്‌ക്കൂട്ടറിയും കാറിലും സഞ്ചരിച്ചായിരുന്നു ഇവരുടെ ലഹരി കച്ചവടം. പലപ്പോഴും സ്ത്രീകൾ ഉള്ള വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നത് വിരളമാണ്. ഇത് മനസ്സിലാക്കി എപ്പോഴും നിമ്മിയെ ലിജു ഒപ്പം കൂട്ടിയായിരുന്നു യാത്രകൾ.