പത്തനംതിട്ട: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ല. മോർച്ചറിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. ജൂലൈ 28ന് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം പത്തനംതിട്ട റാന്നി മാർത്തോമ ആശുപത്രി മോർച്ചറിയിലാണ് നിലവിലുള്ളത്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു മത്തായിയുടെ ഭാര്യ ഷീബയും മറ്റ് കുടുംബാംഗങ്ങളും. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുമ്പോഴും മൃതദേഹം സൂക്ഷിക്കും. റീ പോസ്റ്റ് മോർട്ടമാണ് ഇവരുടെ ആവശ്യം. നിലവിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ വയറ്റിൽ ചെളിയുണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ പാറ നിറഞ്ഞ കിണറിൽ ചെളിയുണ്ടാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മുങ്ങി മരിക്കാനുള്ള താഴ്ചയിൽ വെള്ളവും കിണറ്റിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിക്കുന്നത്.

വനംവകുപ്പിന്റെ സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചു എന്നാരോപിച്ചാണ് മത്തായി വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. തട്ടിക്കൊണ്ടുപോവൽ, മോചനദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജരേഖ ചമക്കൽ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങൾ മത്തായിയുടെ മരണത്തിന് പിന്നിൽ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടും ഇതുവരെയും ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ലെന്നത് സർക്കാറിന് നേരെ ഉയരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്നായിരുന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചർ ഉൾപ്പെടെ ആറ് വനപാലകരാണ് മത്തായിയുടെ മരണത്തിന് ഉത്തരവാദികളെന്ന് തെളിവുകൾ സഹിതം വെളിപ്പെട്ടിട്ടും നടപടികൾ വൈകിപ്പിക്കുന്നതെന്താണെന്ന ചോദ്യമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നത്. ഇതിനെ മറികടക്കാനാണ് സംസ്ഥാനം തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ വരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഏക നടപടി രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും ഏഴ് പേർക്ക് സ്ഥലംമാറ്റവും നൽകി എന്നതുമാത്രമാണ്. മരണത്തിലെ ദുരൂഹത നീക്കി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമന്നാവശ്യപ്പെട്ട് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച സംഭവം ഇതിനു മുൻപ് ഗോവയിലുണ്ടായിട്ടുണ്ട്. 2015 ൽ മരിച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഫാ. ബിസ്മാർക്ക് ഡയസിന്റെ മൃതദേഹമാണ് 3 വർഷം മോർച്ചറിയിൽ സൂക്ഷിച്ചത്.

നീന്തൽ വിദഗ്ധനായിരുന്ന ഫാ.ഡയസ് മുങ്ങിമരിച്ചു എന്ന പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന കാരണം പറഞ്ഞാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. ഒടുവിൽ 2018 നവംബറിലാണ് ഫാ. ബിസ്മാർക്കിനെ സംസ്‌കരിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങി ബന്ധുക്കൾ സംസ്‌കാരത്തിനു സമ്മതിക്കുകയായിരുന്നു. ജന്മനാടായ എസ്റ്റിവം ഗ്രാമത്തിലായിരുന്നു സംസ്‌കാരം. പനജിയിൽനിന്ന് 20 കിലോമീറ്റർ അകലെ ഉത്തര ഗോവയിലെ മണ്ഡോവി നദിയിലാണ് 2015 നവംബർ ആറിന് ഫാ. ബിസ്മാർക്കിന്റെ മൃതദേഹം കണ്ടെത്തിയത്. പരിസ്ഥിതി വിരുദ്ധമായ ഒട്ടേറെ പദ്ധതികൾക്കെതിരെ സമരം നയിച്ച വൈദികന്റെ മൃതദേഹം ഗോവ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സർക്കാർ ചെലവിലാണ് സൂക്ഷിച്ചിരുന്നത്.

മത്തായിയുടെ മൃതദേഹവും ഏറെ കാലം സൂക്ഷിക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. പോസ്റ്റമോർട്ടത്തിലെ പിഴവ് പ്രതികൾക്ക് രക്ഷയൊരുക്കാതിരിക്കാനാണ് ഇത്. കസ്റ്റഡിയിൽ എടുത്ത മത്തായിയെ വിട്ടുകിട്ടാൻ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടതായി ഭാര്യ ഷീബ പരാതി നൽകിയിട്ടുണ്ട്. വനംവകുപ്പ് തയാറാക്കിയ മഹസറിൽ കിണറ്റിൽ ചാടിയ മത്തായിയെ രക്ഷിക്കാൻ ശ്രമം നടത്തിയതായി പറയുന്നില്ല. പകരം കയർ ഇട്ട് നൽകിയെന്ന പരാമർശം മാത്രമാണുള്ളത്. കസ്റ്റഡിയിൽ ആണെന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുമ്പോൾ ചിറ്റാർ ഫോറസ്റ്റ് തയാറാക്കിയ മഹസറിൽ കസ്റ്റഡിയിൽ എടുത്തതായും തെളിവെടുപ്പിനു കൊണ്ടുപോയതായും സ്വതന്ത്ര സാക്ഷികളെ ഒപ്പം കൂട്ടിയിരുന്നില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും കേസ് അട്ടിമറിക്കുള്ള ഒത്തുകളി സംശയത്തിന് കാരണമാണ്.

വനം വകുപ്പിന്റെ ക്യാമറ നശിപ്പിച്ചു എന്നതാണ് കേസ്. എന്നാൽ, നശിപ്പിക്കപ്പെട്ട സ്ഥലത്ത് വകുപ്പ് തയാറാക്കിയ സീൻ മഹസർ ഇല്ല. ഈ മഹസറിന്റെ പകർപ്പ് സഹിതം പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് പൊലീസിൽ പരാതി നൽകുക എന്ന പ്രാഥമിക നടപടി പോലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ല. അരുൺ എന്നയാൾ നടത്തിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ക്യാമറ തകർക്കാൻ താനുമായി മത്തായി ഗൂഢാലോചന നടത്തിയെന്നാണ് കുറ്റസമ്മതം. എന്നാൽ, ഈ കേസിൽ അരുൺ കൂട്ടുപ്രതിയല്ല. അരുണാണ് മത്തായിയുടെ വീട്ടിലേക്ക് വനപാലകർക്ക് വഴി കാണിച്ചുകൊടുത്തത്. അരുൺ ഇപ്പോൾ സാക്ഷിപ്പട്ടികയിലാണ്. വിലാസം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആൾ സ്ഥലത്തില്ലെന്നും കൂടി വനം വകുപ്പിന്റെ മഹസറിൽ പറയുന്നു.

ഒരാളുടെ കുറ്റസമ്മത മൊഴി എഴുതി വയ്ക്കണമെങ്കിൽ ഫോറസ്റ്റ് ആക്ട് അനുസരിച്ച് ഏറ്റവും കുറഞ്ഞത് ഡിഎഫ്ഒ ആ മൊഴി രേഖപ്പെടുത്തണം. മൊഴി നൽകിയ ആൾ ഒപ്പിടണം. ഇത് രണ്ടും ഈ കേസിൽ ഉണ്ടായിട്ടില്ല. വാറന്റ് ഇല്ലാതെ മത്തായിയുടെ വീട് പരിശോധിച്ചു. മുൻകൂട്ടി വാറന്റ് ലഭിച്ചില്ലെങ്കിൽ കോടതിക്ക് വാറന്റ് അപേക്ഷ ദൂതൻ മുഖേനെയോ തപാൽ വഴിയോ നൽകണമെന്നാണ് ചട്ടം. ന്മ അറസ്റ്റ് മെമോ നൽകിയില്ല. മെമോയിൽ 2 സ്വതന്ത്ര സാക്ഷികളെ ഒപ്പിടീക്കണം എന്ന വ്യവസ്ഥ പാലിച്ചില്ല. ദേഹപരിശോധന നടത്തി ഇൻസ്‌പെക്ഷൻ മെമോ ഒപ്പിടീക്കണം. അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കണം. പ്രതിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കണം. ഇക്കാര്യങ്ങളൊന്നും നടന്നില്ല.

അരുണിന്റെ ഫോണിൽ നിന്ന് ഉദ്യോഗസ്ഥർ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം നടന്നില്ല. പൊലീസ് അന്വേഷിക്കേണ്ട കേസിൽ തൊണ്ടി മുതൽ എടുക്കാൻ പ്രതിയുമായി വനം ഉദ്യോഗസ്ഥർ മത്തായിയുടെ കുടുംബ വീട്ടിൽ പോയി. ഇവിടെ പ്രതി വാതിൽ തുറന്ന് കിണറിന്റെ മൂടി തുറന്ന് താഴേക്ക് ചാടിയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.