പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കവേ മരിച്ച മത്തായിയുടെ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റാന്നി കോടതിയിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെയുള്ള കുടുംബത്തിന്റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണ വിധേയരായ മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഈ നിലപാട് തുടരുന്നത് സർക്കാറിനെയും ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസിന് നിയമോപദേശം കിട്ടിയതും കേസിൽ ഹൈക്കോടതി ഇടപെട്ടതും കുടുംബത്തിന്റെ പ്രതീക്ഷ കൂട്ടുന്നു. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി. സംസ്‌കാരം നടത്തുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

ഓർത്തഡോക്‌സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുന്നു. മൃതദേഹം സംസ്‌കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവമാണ്. 2015 ൽ ഗോവയിലെ പരിസ്ഥിതി ബിസ്‌മോർക്ക് ഡയസിന്റെ മൃതദേഹം മൂന്ന് വർഷം സംസ്‌കരിക്കാതെ കുടുംബം പ്രതിഷേധിച്ചിരുതാണ് സമാന സംഭവം. കഴിഞ്ഞ മാസം 28നാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ സ്വന്തം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസംയ ചിറ്റാർ ഫോറസ്റ്റ് കസ്റ്റഡി മരണത്തിൽ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. വ്യാജ രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും നിലനിൽക്കുമെന്നു പൊലീസിനു നിയമോപദേശം ലഭിച്ചു. ഐപിസി 364 എ, 304 എന്നിവയാണ് പ്രധാന വകുപ്പുകൾ.

മഹസറിലും ജനറൽ ഡയറിയിലും കൂട്ടിച്ചേർക്കൽ ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ രേഖ ചമയ്ക്കൽ കേസ് കൂടി എടുക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ അടങ്ങുന്ന അഭിഭാഷക സമിതിയാണ് നിയമോപദേശം നൽകിയത്. മത്തായിയുടെ ഭാര്യ ഷീബ ആദ്യം നൽകിയ മൊഴിയിൽ പണം ആവശ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. എന്നാൽ, ആദ്യ ഘട്ടത്തിൽ പൊലീസ് ഈ വകുപ്പിൽ കേസെടുത്തിരുന്നില്ല. വ്യാജ രേഖ തയാറാക്കുകയും അത് ശരിയായ രേഖ എന്ന പേരിൽ ഉപയോഗിക്കുകയും ചെയ്തതിന് 471 പ്രകാരം കേസ് നിലനിൽക്കുമെന്നും നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചു.

പ്രതികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഇടയിൽ നിന്ന് വിലപേശി പണം വാങ്ങുന്നതിൽ കുപ്രസിദ്ധനായ ആളാണ് ഈ കേസിൽ ഫോറസ്റ്റിനു വേണ്ടി ഇടപട്ടത്. ഇങ്ങനെ ലഭിക്കുന്ന പണത്തിൽ ഒരു പങ്ക് ഈ ഇടനിലക്കാരനുള്ളതാണ്. ഇക്കാര്യവും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ മത്തായിയുടേത് മുങ്ങി മരണമാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. വീഴ്ചയിലുണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.

ജൂലൈയിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്.