കണ്ണൂർ: സി.പി. എം. 23-ാം പാർട്ടി കോൺഗ്രസ്സിന്റെ ആവേശത്തിലാണ് കിഴുത്തള്ളിയിലെ മാവിലാക്കണ്ടി പ്രഭാകരനും ഭാര്യ കെ. രതിയും. 80 പിന്നിടുന്ന പ്രഭാകരന് ശാരീരിക വിഷമതകളുണ്ടെങ്കിലും പാർട്ടി സമ്മേളനത്തെക്കുറിച്ച് പറയാൻ നൂറ് നാവാണ്. ഈ സമ്മേളനം കഴിയുമ്പോഴേക്കും സിപിഎം. മറ്റ് സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കുമെന്ന പ്രത്യാശയിലാണ് ഈ ദമ്പതികൾ. ലാൽ ജോസ് ചിത്രമായ അറബിക്കഥയിലെ ക്യൂബാ മുകുന്ദനെ അനുസ്മരിപ്പിക്കം വിധമായിരുന്നു മുംബൈയിൽ പ്രഭാകരനും പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയത്.

1958 ൽ 16 ാം വയസ്സിൽ പാർട്ടി മെമ്പറായ പ്രഭാകരൻ അടുത്ത രണ്ട് വർഷം കൊണ്ട് പാർട്ടിയുടെ സ്‌ക്വോഡ് ലീഡറായി. കണ്ണൂർ താളിക്കാവിലെ സാധുബീഡി കമ്പനിയിൽ ബീഡി തെറുത്തുകൊണ്ടായിരുന്നു ജീവിതം തുടങ്ങിയത്. എന്നാൽ 1976 ൽ വിവാഹിതനായതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ കഴിയാതായി. സാമ്പത്തിക പരാധീനത കഠിനമായപ്പോൾ മുംബൈയിൽ ജോലിയുള്ള അനുജൻ ജനാർദ്ദനൻ പ്രഭാകരനെ മുംബയിലേക്ക് ക്ഷണിച്ചു. അവിടെ ഏതെങ്കിലും ടെക്സ്റ്റയിൽ മില്ലിൽ ജോലി ശരിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഭാര്യ രതിക്കൊപ്പം പ്രഭാകരൻ മുംബയിലേക്ക്(അന്ന് ബോംബെ) തിരിച്ചു. എന്നാൽ ടെക്സ്റ്റയിൽ കമ്പനികളുടെ വാതിലുകൾ മുട്ടിയെങ്കിലും പരിശീലനം ഇല്ലാത്തതിന്റെ പേരിൽ ജോലി ലഭിച്ചില്ല.

ഒടുവിൽ മാട്ടുംഗയിൽ തമ്പാക്ക് എന്നറിയപ്പെടുന്ന മുറുക്കാൻ കട ഒരുക്കുകയായിരുന്നു. എന്നാൽ കമ്യൂണിസം മുറുകെ പിടിച്ച് പ്രഭാകരൻ ബീഡിയും സിഗരറ്റും മിഠായിയും പാവും വിൽപ്പന നടത്തി. അവിടെ വരുന്ന മലയാളികളേയും തമിഴരേയും കമ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടരാക്കി. തൃശ്ശൂർ സ്വദേശികളായ പപ്പട നിർമ്മാണ തൊഴിലാളികൾ മാടുംഗയിലും ധാരാവിയിലുമായി ജോലി ചെയ്തു വരുന്നുണ്ടായിരുന്നു. അവരെ സംഘടിപ്പിച്ച് സി. ഐ.ടി..യു ബാനറിൽ ഒരു തൊഴിലാളി സംഘടനയുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു.

ഭാര്യ രതിയുടെ പിൻതുണയും കൂടി ആയപ്പോൾ ഇരുനൂറിലേറെ അംഗങ്ങളായി. മലയാളി ദമ്പതികൾ രൂപം നൽകിയ മുംബൈ പാപ്പട് വർക്കേഴ്സ് യൂനിയൻ അങ്ങിനെ നിലവിൽ വന്നു. തൊഴിലാളികൾക്ക് മിനിമം കൂലിയും മറ്റ് അവകാശങ്ങളും നേടിക്കൊടുക്കാൻ പ്രഭാകരനും രതിക്കുമായി. അതോടെ ധാരാവിയിലും മാട്ടുംഗയിലും ഈ ദമ്പതികൾ പാർട്ടിയുടെ പ്രധാനികളായി. ധാരാവി താലൂക്ക് മഹിളാ അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് കെ. രതി തെരഞ്ഞെടുക്കപ്പെട്ടു. അതോടെ മാട്ടംഗയിലെ പാർട്ടി ഓഫീസിലേക്ക് ഇരുവരും താമസം മാറ്റി.

ധാരാവി നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥി സൗരേന്ദ്ര മോറെ മത്സരിക്കുമ്പോൾ പ്രഭാകരനും ഭാര്യയും പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകരായി. 1990 ൽ യു.കെ. നായർ മത്സരിച്ചപ്പോഴും ഇവർ തന്നെയായിരുന്നു പ്രചാരകർ. സൗരേന്ദ്ര മോറേയുടെ വിജയത്തിന് പിന്നിൽ ഈ ദമ്പതികൾക്ക് വലിയ പങ്കുണ്ടായിരുന്നു. അക്കാലത്ത് മുംബൈയിലും പരിസരത്തും റേഷൻ വിതരണത്തിലുള്ള അഴിമതിക്കെതിരെ രതിയും അനുയായികളും സംഘടിച്ചു പൊരുതി. അതോടെ റേഷൻ വിതരണത്തിലെ അഴിമതിക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞു.

1995 ഓടെ പപ്പട നിർമ്മാണ തൊഴിലാളികളിൽ ഏറിയ പങ്കും സ്വന്തം യൂനിറ്റുകൾ ആരംഭിച്ചു. അതോടെ ഉടമകളായ നിർമ്മാതാക്കൾക്ക് യൂനിയനോട് താത്പര്യം കുറഞ്ഞു. അതേതുടർന്ന് പ്രഭാകരനും ഭാര്യയും നാട്ടിലേക്ക് തിരിച്ചു. കിഴുത്തള്ളിയിലെ പാർട്ടി പ്രവർത്തനത്തിന് ഇരുവരും ഒരുമിച്ചിറങ്ങി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രഭാകരനും ഭാര്യയും സജീവ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. ശാരീരിക വിഷമതകൾ ഉള്ളതിനാൽ കാര്യമായ പ്രവർത്തനം നടത്താൻ പ്രഭാകരന് ആവുന്നില്ല. ഭാര്യ രതി സജീവമായി നിലകൊള്ളുന്നുണ്ട്.

കർഷരേയും മഹിളകളേയും സംഘടിപ്പിക്കുന്നതിലാണ് രതിയുടെ ശ്രദ്ധ. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെ ആവേശം പ്രഭാകരന്റെ മനസ്സിൽ അലയടിക്കുകയാണ്. ഇടതു പക്ഷം ഒറ്റക്കെട്ടായി നിലകൊള്ളുകയും മഹാരാഷ്ട്രയിൽ മുമ്പ് ഗോദാവരി പലേക്കർ ആദിവാസികളെ സംഘടിപ്പിച്ചതിന് തുല്യമായ പോരാട്ടം നടത്തുകയും ചെയ്താൽ വീണ്ടും കമ്യൂണിസത്തിന് ശക്തിയാർജ്ജിക്കാമെന്നാണ് പ്രഭാകരന്റെ വിശ്വാസം. അതു വഴി ത്രിപുരയിലും ബംഗാളിലും ചെങ്കൊടി പാറിക്കാമെന്ന് പ്രഭാകരൻ പ്രത്യാശിക്കുന്നു.

കണ്ണൂർ സമ്മേളനം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പ്രതിനിധികൾക്കും ആവേശമാകും. അത് പാർട്ടിക്ക് ചൈതന്യം പകരുമെന്ന് പ്രഭാകരൻ പറയുന്നു.