കൽപ്പറ്റ: മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത് ടൂറിസം കേന്ദ്രം കൂടിയായ മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഭാസ്‌ക്കരൻ പാറയിലാണ്. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവിടം കനത്ത പൊലീസ് നിരീക്ഷണത്തിലാണിപ്പോൾ. ഏറ്റുമുട്ടലുണ്ടായെന്ന പറയപ്പെടുന്ന സ്ഥലവും വാളാരംകുന്ന് പ്രദേശങ്ങളും മുമ്പും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങളാണ്.

വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ കടത്തിവിടുന്നില്ല. എ.ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തും. മരിച്ചയാൾ പുരുഷനാണെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാൾ മലയാളി അല്ലെന്നാണ് പുറത്തുവരുന്ന റപ്പോർട്ടുകൾ.

ആക്രമിക്കാൻ മാവോയിസ്റ്റുകൾ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴൽ തോക്കിന്റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. വനമേഖലയോട് ചേർന്ന പ്രദേശത്ത് തണ്ടർ ബോൾട്ട് പതിവ് പട്രോളിങ് നടത്തുകയായിരുന്നുവെന്നും ഈ സമയം സായുധരായ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നുവെന്നും സ്വയരക്ഷക്ക് തണ്ടർബോൾട്ട് സംഘം തിരിച്ച് വെടിവെച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. നക്സൽ പ്രസ്ഥാനങ്ങളിലേക്ക് പോകുന്ന യുവാക്കളെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പത്തോളം വ്യാജ ഏറ്റുമുട്ടലുകൾ നടന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെപിസിസി സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'കൽക്കത്ത തീസിസിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ച സായുധ സമരത്തിന്റെ പാതയാണ് അവർ സ്വീകരിച്ചത്. ആ ചെറുപ്പക്കാരെയാണ് മനുഷ്യത്വഹീനമായി എല്ലാ മര്യാദകളെയും നിയമങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഭരണകൂടഭീകരത അഴിച്ചുവിട്ട് വേട്ടയാടുകയും അവരെ സംഘട്ടനത്തിൽ കൊന്നു എന്ന് പറഞ്ഞ് കൊണ്ട് വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കുകയും ചെയ്യുന്നത്. കെപിസിസി ശക്തമായി ഈ സംഭവത്തെ അപലപിക്കുന്നു,' മുല്ലപ്പള്ളി പറഞ്ഞു.

പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവരുടെ സേവനം ഇനി വേണ്ട; റിബൽ സ്ഥാനാർത്ഥികളെ ആജീവനാന്തം പുറത്താക്കുമെന്ന് കോൺഗ്രസ്
നക്സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ലെന്നും സാമ്പത്തിക സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

'ഇപ്പോഴും മലയോര പ്രദേശങ്ങളിൽ ആദിവാസി ഊരുകളിൽ പട്ടിണിയും ദാരിദ്ര്യവും ഉണ്ട്. അത് ഉയർത്തിപ്പിടിച്ച് കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് യുവാക്കൾ പോകുന്നത്. നക്സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ല. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടത്. പട്ടിണി അവസാനിപ്പിക്കണം. തൊഴിൽ ഉണ്ടാക്കണം. അതിനുപകരം വ്യാജ ഏറ്റുമുട്ടൽ നടത്തുന്നതിനെ അംഗീകരിക്കാൻ സാധിക്കില്ല,' മുല്ലപ്പള്ളി പറഞ്ഞു.