തൃശൂർ: മുതിർന്ന മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പിള്ളി (56) യെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. റോഡ് അപകടത്തിൽ പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഇയാളെ ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് നിന്നും പ്രത്യേക അന്വേഷണസംഘം എത്തി കസ്റ്റഡിയിൽ എടുക്കുന്നത്.

രാജന്റെ സഹോദരിയുടെ വീട്ടിൽ എ ടി എസ് പരിശോധന നടത്തുകയാണ്. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നവെന്നും അധികൃതർ പറയുന്നു. ഏറെ കാലമായി ഒളിവിൽ ആയിരുന്ന രാജൻ എ ടി എസിന്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശിയായ രാജൻ ഒല്ലൂർ ആനക്കല്ലിലുള്ള ബന്ധു വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകടം.

ഇയാളുടെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.എടക്കര പൊലീസ് സ്റ്റേഷനിൽ ഇയാൾക്ക് എതിരെ കേസുണ്ട്. 2016 മെയിൽ മാവോയിസ്റ്റ് സംഘടനകളെ വളർത്താനായി സായുധ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മാവോയിസ്റ്റ് സംഘടനകളുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ് ഇയാൾ.