മലപ്പുറം: സംസ്ഥാനത്ത് മാവോവാദി സായുധ പരിശീലനത്തിന് നേതൃത്വംനൽകിയ ദീപക് (ചന്തു) പിടിയിലായിട്ട് രണ്ടുവർഷം തികയുമ്പോഴും കേരളാ പൊലീസിന്റെ നടപടികൾ എങ്ങുമെത്തിയില്ല. പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിനു നേതൃത്വംനൽകിയ ദീപക്കിന്റെ മൊഴിയെടുക്കാൻപോലും പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് മാവോയിസ്റ്റ് കേസുകളിലെ പൊലീസ് അലംഭാവം സൂചിപ്പിക്കുന്നതാണ്.

2019 സെപ്റ്റംബർ 29, 30 തീയതികളിലാണ് മഞ്ചക്കണ്ടി ഏറ്റുമുട്ടലുണ്ടായത്. 2019 നവംബർ ഒൻപതിന് കേരള- തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിൽവെച്ച് തമിഴ്‌നാട് സ്പെഷ്യൽ ടാസ്‌ക്ഫോഴ്‌സ് ദീപക്കിനെ പിടികൂടുകയുംചെയ്തു. നിലവിൽ ഛത്തീസ്‌ഗഢ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ദീപക്കിനെ വിട്ടുകിട്ടാൻ ഒന്നരവർഷം കഴിഞ്ഞിട്ടും കേരള പൊലീസ് അപേക്ഷ നൽകിയിട്ടില്ല.

ഛത്തീസ്‌ഗഢ് ഉൾപ്പെടെ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ദീപക്കിനെതിരേ മാവോവാദി പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളുണ്ട്. കേരളത്തിനുപുറമേ മറ്റു സംസ്ഥാനങ്ങളും ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ തയ്യാറായിട്ടില്ല. അതേസമയം മാവോയിസര്‌റ് തിരിച്ചടി ഭയന്നാണ് കേരളാ പൊലീസ് ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ മടിക്കുന്നത് എന്നാണ് സൂചന.

അഞ്ചു സംസ്ഥാനങ്ങളിലും ദീപക്കിനെതിരേ രാജ്യദ്രോഹക്കുറ്റ കേസുകളാണുള്ളത്. രാജ്യത്തുതന്നെ ഏറ്റവുംകൂടുതൽ സുരക്ഷാഭടന്മാരെ വധിച്ച ദന്തേവാഡ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് ദീപക്കിനെ ഛത്തീസ്‌ഗഢ് പൊലീസ് കസ്റ്റഡിയിൽവെച്ചിട്ടുള്ളത്. 2010 ഏപ്രിൽ ആറിനാണ് ദന്തേവാഡയിൽവെച്ച് മാവോവാദികൾ 76 സുരക്ഷാഭടന്മാരെ കൂട്ടക്കൊലചെയ്തത്. കൂട്ടക്കൊലയ്ക്കു നേതൃത്വംനൽകിയ മുന്നൂറംഗ മാവോവാദി സംഘത്തിന്റെ തലവനായ ദീപക് പിന്നീട് പ്രവർത്തനം ദക്ഷിണേന്ത്യയിലേക്കു മാറ്റുകയായിരുന്നു.

കേരളത്തിൽ മഞ്ചക്കണ്ടി ഏറ്റുമുട്ടലിനുപുറമേ മലപ്പുറം, വയനാട് ജില്ലകളിലും ദീപക്കിനെതിരേ കേസുകളുണ്ട്. ഛത്തീസ്‌ഗഢിലെ മാവോവാദി സ്വാധീനപ്രദേശങ്ങൾ കടന്ന് ദീപക്കിനെ സംസ്ഥാനത്തെത്തിക്കുന്നത് ദുഷ്‌കരമാണ്. ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങിയുള്ള യാത്ര പൊലീസ് ഭയക്കുന്നുണ്ട്.

ഛത്തീസ്‌ഗഢിലേക്ക് രഹസ്യമായി എത്തിച്ചതുപോലെ പുറത്തേക്കു തിരിച്ചുകൊണ്ടുവരുന്നത് പ്രയാസമാണ്. ദീപക് മാവോവാദി പോരാട്ടവീര്യം കൂടുതലുള്ള ബസ്തർ പീപ്പിൾസ് ലീബറേഷൻ ഗറില്ല ആർമി അംഗം കൂടിയാണ്. ഇങ്ങനെ ഒരാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനെക്കുറിച്ച് കേരള പൊലീസിനു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനും ആലോചിക്കാൻപോലും കഴിയാത്തതാണ്. ദീപക്കിനുശേഷം തമിഴ്‌നാട് പൊലീസ് പിടികൂടിയ ശോഭ, ഡോ. ദിനേശ് എന്നിവരെ കേരളത്തിലെത്തിച്ച് തെളിവെടുപ്പുനടത്തിയിട്ടുണ്ട്. തെളിവെടുപ്പ് വൈകുന്നതിലൂടെ ദീപക്കിന്റെ ജയിൽമോചനവും അനന്തമായി നീളും.