കാസർകോട്: നേരത്തെ നഗരങ്ങൾ കേന്ദ്രികരിച്ചു നടന്നിരുന്ന എം ഡി എം (മെത്തലീൻഡയോക്‌സി മെത്താംഫീറ്റമിൻ.) ലഹരി മരുന്ന് വിൽപന പൊലീസ് പരിശോധന കർശനമാക്കിയതോടെ ഗ്രാമങ്ങൾ കേന്ദ്രികരിച്ചു വിൽപന പൊടിപൊടിക്കുന്നു.

അത്തരത്തിലുള്ള ഒരു സംഘത്തെയാണ് കാസർ കോട് ഡി വൈ എസ് പി പി ബാലകൃഷന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം വിദ്യാനഗർ പൊലീസ് പിടികൂടിയത്. വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ മൂന്ന് യുവാക്കളാണ് പൊലീസ് പിടിയിൽ അകപ്പെട്ടത് .

കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീർ (30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ് (21), പാണത്തൂർ ബാപ്പങ്കയത്തെ എം.എ. ആരീഫ് (24) എന്നിവരെയാണ് എം.ഡി.എം.എ. മയക്കുമരുന്നുമായി വിദ്യാനഗർ ഇൻസ്പെക്ടർ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

29,860 രൂപയും ഇവരെത്തിയ രണ്ട് കാറും പിടികൂടി. മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടകവീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്പന നടത്തിവന്നത്. ആറങ്ങാടിയിലെ ഷഫീഖാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പിടിയിലായ സായ ഷമീറിന്റെ സഹോദരനാണ് ഷഫീഖ്. രാത്രികാലങ്ങളിൽ കാറുകളിലും ബൈക്കുകളിലുമായി മയക്കുമരുന്ന് തേടി വിദ്യാർത്ഥികൾ അടക്കമുള്ളവർ ഇവിടെ തേടിയെത്തിയിരുന്നു.

വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 20.75 ഗ്രാം എം.ഡി.എം.എ.യാണ് ഇവരിൽ നിന്നും പിടികൂടിയത്. കെ.എൽ.14 വി 9437, കെ.എൽ. 17 ജി 6333 എന്നീ നമ്പറിലുള്ള കാറുകളാണ് പിടികൂടിയത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തുന്നതാണ് ലഹരി മരുന്ന് . അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാൻ കാരണമാകും.

തുടർച്ചയായ ഉപോയോഗം കാരണം മാനസിക രോഗിയായും മാറും . ഇത്തരക്കാർക്ക് ഉറക്കം ഭക്ഷണം ഒന്നും ആവശ്യമില്ല . ഇത്തരത്തിൽ ലഹരി ഉപോയോഗിച്ചു മനോനിലെ തെറ്റിയ യുവാക്കളെ കൊണ്ട് ഡി അഡിഷൻ സെന്ററുകൾ നിറഞ്ഞു കഴിഞ്ഞു . പുതു തലമുറയ്ക്ക് ഇത്തരത്തിലുള്ള സിന്തറ്റിക് ഡ്രഗ്ഗുകളോടാണ് പ്രിയം. കഞ്ചാവ്ു പോലെയുള്ള മയക്കുമരുന്നുകൾക്ക് ഇപ്പോൾ യുവാക്കൾക്കിടയിൽ ഡിമാൻഡ് കുറവാണെന്നും പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു .

വിദ്യാനഗർ എസ്‌ഐ. കെ. പ്രശാന്ത്, എഎസ്ഐ. രഘു, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിലാൽ, സലാം, ഉണ്ണിക്കൃഷ്ണൻ, സുധീരൻ, സുദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.