ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്.

നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാനിലെ ഇന്ത്യൻ എംബസിയിലുള്ളവരെയും മറ്റും രണ്ടു ഘട്ടമായി ഇന്ത്യയിലെത്തിച്ചിരുന്നു.

മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുമുള്ള സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.

00911149016783, 00911149016784, 00911149016785 എന്നീ നമ്പറുകളിലും 00918010611290 എന്ന വാട്‌സാപ് നമ്പറിലും വിവരങ്ങൾ നൽകാം. ഇമെയിൽ:SituationRoom@mea.gov.in
അഫ്ഗാൻ സ്വദേശികൾക്ക് ഇഎമർജൻസി വീസ സൗകര്യവും ഉണ്ട്. ഇവീസ പോർട്ടൽ: https://indianvisaonline.gov.in/evisa/Registration

കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമല്ലാത്തത് യാത്രയ്ക്കു തടസ്സമാണ്. ഈ ബുദ്ധിമുട്ടു പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി വിദേശകാര്യ മന്ത്രിയടക്കമുള്ളവർ ചർച്ച നടത്തുന്നുണ്ട്.