മുംബൈ: ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ കോടതി പരിസരത്ത് താരമായി മാറിയത് ഒരു മോഷ്ടാവായിരുന്നു. ആര്യന്റെ സെല്ലിൽ കഴിഞ്ഞെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ശ്രവൺ നാടാർ എന്നയാളാണ് ചാനലുകളിൽ അന്നത്തെ ദിവസത്തെ താരമായി മാറിയത്. ആര്യൻ എങ്ങനെയാണ് സെല്ലിൽ കഴിഞ്ഞതെന്ന് വിശദീകരിക്കുകയായിരുന്നു നാടാർ. ആര്യൻ ഖാന്റെ ജയിൽ ജീവിതത്തെക്കുറിച്ച് എക്‌സ്‌ക്ലുസീവ് വിവരങ്ങളുമായി ചാനലുകളിൽ നിറഞ്ഞതോടെ പൊലീസ് വീണ്ടും ഇയാളെ തേടിയെത്തി. മറ്റൊരു കേസിൽ ഇപ്പോൾ അഴിക്കുള്ളികാണ് ആര്യന്റെ സഹതടവുകാരൻ.

തമിഴ്‌നാട് സ്വദേശിയായ ശ്രാവൺ നാടാർ മോഷണക്കേസിൽ അറസ്റ്റിലായാണ് ആർതർ റോഡ് ജയിലിലെത്തിയത്. ആര്യൻ ഖാൻ ഉൾപ്പെടെ മയക്കുമരുന്ന് കേസിലെ പ്രതികളെയും ഇതേ ജയിലിലായിരുന്നു പാർപ്പിച്ചത്. ആര്യൻ കഴിഞ്ഞ ഒന്നാംനമ്പർ ബാരക്കിലാണ് ശ്രാവൺ നാടാറും ഉണ്ടായിരുന്നത്. 10 ദിവസത്തിനുശേഷം നാടാർക്ക് ജാമ്യംകിട്ടി പുറത്തിറങ്ങുകയും ചെയ്തു. ആര്യൻഖാന് കോടതി ജാമ്യംനൽകിയപ്പോൾ നാടാർ കോടതിക്ക് പുറത്ത് എത്തിയിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാൽ ആര്യന് അന്ന് പുറത്തിറങ്ങാനായില്ല.

ഇതിനിടെയാണ് താൻ ആര്യന്റെ ജയിലിൽ കൂടെയുണ്ടായിരുന്ന കാര്യം ഇയാൾ വെളിപ്പെടുത്തിയത്. ആര്യനെ കാണാനെത്തിയതാണെന്നും പറഞ്ഞു. ഇതോടെ, മാധ്യമങ്ങൾക്ക് മുന്നിൽ ശ്രാവൺ നാടാർ താരമായി മാറുകയായിരുന്നു. ആര്യൻ ഖാനും താനും ഒരുമിച്ചായിരുന്നെന്നും ജയിലിനകത്ത് ആര്യൻ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടെന്നും ഇയാൾപറഞ്ഞു. ഉള്ളതും ഇല്ലാത്തതുമായ കഥകൾ ഇയാൾ തട്ടിവിട്ടതോടെ ഇയാൾ താരമായി മാറിയത്.

ജയിലിൽവെച്ച് ആര്യന്റെ മുടി വെട്ടിയിട്ടുണ്ട്. പുറത്തിറങ്ങിയാൽ പോയി പിതാവായ ഷാരൂഖ് ഖാനെ കാണണമെന്നും ജയിലിനകത്തേക്ക് പണം കൊടുത്തയക്കണമെന്നും ആര്യൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായുും അടക്കമുള്ളകഥകൾ ഇയാൾ പറഞ്ഞു. ഇതുപ്രകാരം താൻ ആര്യന്റെ വീടായ മന്നത്തിൽ പോയി ആര്യൻ പറഞ്ഞകാര്യം അറിയിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാർ തന്നെ അകത്തുകടത്തിയില്ലെന്നും ഇയാൾ പറഞ്ഞു. ശ്രാവണിന്റെ വാക്കുകൾ കേട്ട് ചാനലുകൾ പിന്നാലെ എത്തുകയായിരുന്നു.

ആര്യനും നാടാറും ഒരേബാരക്കിലായിരുന്നു കഴിഞ്ഞതെന്ന് ആർതർ റോഡ് ജയിലിലെ പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പണം നൽകാൻ ഇയാളെ പറഞ്ഞേൽപ്പിച്ചുവെന്നത് വിശ്വസനീയമല്ലെന്നും പണം തട്ടാനുള്ള നീക്കമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 13 കേസുകൾ നാടാർക്കെതിരെയുണ്ടായിരുന്നു.

ഇതിലൊരു കേസിലാണ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. ജുഹു പൊലീസ് സ്റ്റേഷനിൽ മൂന്ന് മോഷണ കേസുകൾ ഉണ്ട്. എട്ട് മാസമായി ജുഹു പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഈ സമയത്താണ് അഭിമുഖങ്ങളുമായി ഇയാൾ ചാനലുകളിൽ നിറഞ്ഞത്. ഇതോടെ വീണ്ടും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.